ബ്രസീലിയ: കോപ്പ അമേരിക്കയില്‍ ഉറുഗ്വേയെ തോല്‍പ്പിച്ച് കൊളംബിയ സെമിയില്‍ കടന്നു. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ 4-2 നാണ് കൊളംബിയയുടെ വിജയം. ഉറുഗ്വായുടെ രണ്ട് താരങ്ങളുടെ കിക്കുകള്‍ തടഞ്ഞിട്ട കൊളംബിയന്‍ ഗോള്‍കീപ്പര്‍ ഡേവിഡ് ഒസ്‌പിനയുടെ പ്രകടനമാണ് ടീമിന് സെമിയുറപ്പിച്ചത്.
വിധി നിര്‍ണയിച്ച സേവുകൾ
കൊളംബിയക്കായി കിക്കെടുത്ത ഡുവാന്‍ സപാറ്റ, ഡേവിസണ്‍ സാഞ്ചെസ്, യെരി മിന, മിഗ്വെല്‍ ബോര്‍ഹ എന്നിവര്‍ ലക്ഷ്യം കണ്ടു. ഉറുഗ്വേയുടെ എഡിൻസൺ കവാനി, ലൂയിസ് സുവാരസ് എന്നിവര്‍ക്ക് മാത്രമാണ് ഗോളി ഒസ്പിനയെ കീഴടക്കാനായത്. ജോസ് മരിയ ഗിമ്മെനസ്, മത്തിയാസ് വിന എന്നിവരുടെ കിക്കുകള്‍ ഒസ്പിന തടഞ്ഞിട്ടു.
also read: മിശിഹ ഹൃദയത്തില്‍ ; റൊസാരിയോ ചിത്രം വരച്ചാഘോഷിക്കുന്നു
നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനാവാതെ സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. നോക്കൗട്ട് ഘട്ടത്തില്‍ ഇത്തവണ അധിക സമയമില്ലാത്തിനാലാണ് ഷൂട്ടൗട്ടിലൂടെ വിധി നിശ്ചയിച്ചത്.
വിരസമായ ആദ്യ പകുതി
മത്സരത്തിന്‍റെ ആദ്യ ഭാഗം പതിഞ്ഞ താളത്തിലാണ് അവസാനിച്ചത്. ഇരു ടമുകൾക്കും കാര്യമായ മുന്നേറ്റങ്ങളും ഗോളവസരങ്ങളും സൃഷ്ടിക്കാനായിരുന്നില്ല. 37ാം മിനിട്ടില്‍ കൊളംബിയന്‍ താരം ഡുവാന്‍ സപാറ്റ നടത്തിയ മുന്നേറ്റത്തിന് ഉറുഗ്വേയന്‍ സെന്‍റര്‍ബാക്ക് ഡിയാഗോ ഗോഡിന്‍റെ പ്രതിരോധത്തില്‍ മുനയൊടിഞ്ഞു. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് ലഭിച്ച മികച്ച അവസരം ലൂയിസ് മുറിയലിനും ലക്ഷ്യത്തിലെത്തിക്കാനായില്ല.
ആവേശമുയര്‍ന്ന രണ്ടാം പകുതി
രണ്ടാം പകുതിയിലാണ് ഇരു സംഘവും കൂടുതല്‍ ആക്രമിച്ച് കളിക്കാനാരംഭിച്ചത്. കൊളംബിയന്‍ മുന്നേറ്റത്തോടെയായിരുന്നു മത്സരം ആരംഭിച്ചതെങ്കിലും പതിയെ ഉറുഗ്വേ ആധിപത്യം സ്ഥാപിച്ചു. 50-ാം മിനിട്ടില്‍ നാന്റെസിന്‍റെ ഷോട്ടും 57ാം മിനിട്ടില്‍ അരാസ്‌കയെറ്റയുടെ ഷോട്ടും കൊളംബിയന്‍ ഗോള്‍കീപ്പര്‍ ഡേവിഡ് ഒസ്പിന തട്ടിയകറ്റി.
59-ാം മിനിട്ടില്‍ ലഭിച്ച അവസരം ലൂയിസ് സുവാരസും പാഴാക്കി. അതേസമയം മത്സരത്തിന്‍റെ 73ാം മിനുട്ടില്‍ കൊളംബിയന്‍ താരം ഡുവാന്‍ സപാറ്റയുടെ എണ്ണം പറഞ്ഞ ഹെഡര്‍ ഫെര്‍ണാണ്ടോ മുസ്ലേര പാടുപെട്ട് തട്ടിയകറ്റുകയായിരുന്നു. ഫൈനല്‍ വിസില്‍ മുഴങ്ങും മുമ്പ് ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനാവാതെ വന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയും ചെയ്തു.