ന്യൂഡല്‍ഹി:അടുത്ത വർഷം നടക്കുന്ന കോപ്പ അമേരിക്ക ഫുട്‌ബോൾ ടൂർണമെന്‍റിന്‍റെ ഫിക്സ്‌ചറായി. രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ആദ്യഘട്ട മത്സരം നടക്കുക. ഓസ്‌ട്രേലിയയും ഖത്തറും പുതുതായി ഗ്രൂപ്പുകളില്‍ ഇടം പിടിച്ചിട്ടുണ്ട്.
ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോൾ ഗവേണിങ്ങ് ബോഡിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അർജന്‍റീനയും കൊളംബിയയും ചേർന്നാണ് ടൂർണമെന്‍റിന് അതിഥേയത്വം വഹിക്കുക. അടുത്ത വർഷം ജൂണ്‍ 12-നാണ് ടൂർണമെന്‍റിന് തുടക്കമാകുക. ബ്യൂണസ് അയേഴ്‌സിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ അർജന്‍റീന- ചിലി പോരാട്ടം നടക്കും. നിലവിലെ ചാമ്പ്യന്‍മാരായ ബ്രസീല്‍ ഗ്രൂപ്പ് ബിയിലാണ് ഉൾപ്പെട്ടിരിക്കുന്നത്.
38 മത്സരങ്ങളാണ് ടൂർണമെന്‍റില്‍ നടക്കുക. 2020-ന് ശേഷം ടൂർണമെന്‍റ് നാല് വർഷത്തിലൊരിക്കലാകും നടക്കുക. ടൂർണമെന്‍റിന്‍റെ അടുത്ത പതിപ്പ് 2024-ലാകും നടക്കുക.