കേരളം

kerala

ETV Bharat / sports

കോപ്പ അമേരിക്ക; കാനറികള്‍ക്ക് തകര്‍പ്പന്‍ ജയം - കോപ്പ അമേരിക്ക അപ്പ്‌ഡേറ്റ്

പെറുവിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ബ്രസീലിന്‍റെ ജയം.

copa america update  brazil win news  കോപ്പ അമേരിക്ക അപ്പ്‌ഡേറ്റ്  ബ്രസീലിന്‍ ജയം വാര്‍ത്ത
ബ്രസീലിയന്‍ ജയം

By

Published : Jun 18, 2021, 7:49 AM IST

Updated : Jun 18, 2021, 12:05 PM IST

റിയോ ഡിജനീറോ:ഒളിമ്പിക് സ്റ്റേഡിയത്തിലെ കോപ്പ അമേരിക്ക പോരാട്ടത്തില്‍ പെറുവിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോല്‍പ്പിച്ച് ബ്രസീലിന്‍റെ മുന്നേറ്റം. ഗബ്രിയല്‍ ജസൂസിന്‍റെ അസിസ്റ്റില്‍ അലക്‌സ് സാന്‍ഡ്രോയാണ് ആദ്യം കാനറികൾക്ക് വേണ്ടി വല കുലുക്കിയത്. ആദ്യ പകുതിയുടെ 12-ാം മിനിട്ടിലാണ് സാന്‍ഡ്രോ ഗോള്‍ പോസ്റ്റിന്‍റെ വലത് മൂലയിലേക്ക് വെടി ഉതിര്‍ത്തത്. ആദ്യ പകുതിയില്‍ തുടര്‍ന്നും കാനറികള്‍ മുന്നേറ്റം നടത്തിയെങ്കിലും ഒന്നും വലയിലെത്തിക്കാന്‍ സാധിച്ചില്ല.

രണ്ടാം പകുതിയുടെ 61 മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെ ബ്രസീല്‍ ലീഡ് ഉയര്‍ത്തുമെന്ന് കരുതിയെങ്കിലും റഫറി വാറിലൂടെ പെനാല്‍ട്ടി നിഷേധിച്ചു. പിന്നാലെ മധ്യനിരയില്‍ നിന്നും ഫ്രഡ് നല്‍കിയ അസിസ്റ്റിലൂടെ സൂപ്പര്‍ ഫോര്‍വേഡ് നെയ്‌മര്‍ ഗോള്‍ സ്വന്തമാക്കി. ബോക്‌സിന് മുന്നില്‍ നിന്നും തൊടുത്ത പന്ത് ഗോള്‍ പോസ്റ്റിന്‍റെ ഇടത് മൂലയിലാണ് ചെന്ന് പതിച്ചത്.

നിശ്ചിത സമയത്ത് കളി അവസാനക്കാന്‍ ഒരു മിനിട്ട് മാത്രം ശേഷിക്കെ എവര്‍ട്ടണ്‍ റിബേറിയോയിലൂടെ കാനറികള്‍ ലീഡ് വീണ്ടും ഉയര്‍ത്തി. ഇത്തവണ റിച്ചാര്‍ലിസണിന്‍റെ അസിസ്റ്റിലൂടെയാണ് മഞ്ഞപ്പട പന്ത് വലയിലെത്തിച്ചത്. പകരക്കാരനായി എത്തിയ റിച്ചാര്‍ലിസണിലൂടെ അധികസമയത്തെ മൂന്നാം മിനിട്ടില്‍ ബ്രസീല്‍ ലീഡ് നാലാക്കി. താന്‍ തൊടുത്ത ഷോട്ട് റീബൗണ്ട് വന്ന ശേഷമാണ് റിച്ചാര്‍ലിസണ്‍ വലയിലെത്തിച്ചത്.

തിയാഗോ സില്‍വയുടെ നേതൃത്വത്തിലുള്ള മഞ്ഞപ്പടയുടെ പ്രതിരോധത്തെ തകര്‍ക്കാന്‍ പെറുവിന് സാധിച്ചില്ല. സെന്‍റർ ബാക്ക് ജോഡികളായ തിയാഗോ സിൽവയും മിലറ്റോയും ചേര്‍ന്നാണ് പെറുവിന്‍റെ മുന്നേറ്റങ്ങള്‍ക്ക് തടയിട്ടത്. കോപ്പയില്‍ ബ്രസീലിന്‍റെ തുടര്‍ച്ചയായ രണ്ടാമത്തെ ജയമാണിത്. നേരത്തെ ആദ്യ മത്സരത്തില്‍ വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു.

Last Updated : Jun 18, 2021, 12:05 PM IST

ABOUT THE AUTHOR

...view details