റിയോ ഡി ജനൈറോ: കോപ്പ അമേരിക്കയില്‍ പെറുവിനെ തോല്‍പിച്ച് ബ്രസീല്‍ ഫൈനലില്‍. എതിരില്ലാത്ത ഒരു ഗോളിനാണ് നിലവിലെ ചാമ്പ്യന്മാരുടെ വിജയം. മത്സരത്തിന്‍റെ ആദ്യ പകുതിയിൽ ലൂക്കാസ് പക്വേറ്റയാണ് ഗോള്‍ കണ്ടെത്തിയത്. നാളെ നടക്കുന്ന അർജന്‍റീന-കൊളംബിയ മത്സരത്തിലെ വിജയികളെയാവും കലാശപ്പോരില്‍ ബ്രസീല്‍ നേരിടുക.
വഴിയൊരുക്കി നെയ്മര്‍
മത്സരത്തിന്‍റെ 35-ാം മിനുട്ടിലായിരുന്നു ബ്രസീലിന്‍റെ ഗോള്‍ പിറന്നത്. സൂപ്പര്‍ താരം നെയ്മറാണ് ഗോളിന് വഴിയൊരുക്കിയത്. മൈതാനത്തിന്‍റെ മധ്യഭാഗത്ത് നിന്ന് റിച്ചാര്‍ലിസന്‍ നല്‍കിയ പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ നെയ്മര്‍ ബോക്‌സില്‍വെച്ച് നല്‍കിയ പാസ് മാര്‍ക്ക് ചെയ്യാതിരുന്ന പക്വേറ്റ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
മിന്നിത്തിളങ്ങി ഗോള്‍കീപ്പര്‍മാര്‍
പെറു ഗോള്‍കീപ്പര്‍ പെഡ്രോ ഗല്ലീസെ, ബ്രസീല്‍ ഗോള്‍ കീപ്പര്‍ എഡേഴ്‌സണ്‍ മോറെസ് എന്നിവരുടെ മികച്ച പ്രകടനമാണ് കൂടുതല്‍ ഗോളുകള്‍ അകറ്റി നിര്‍ത്തിയത്. മത്സരത്തിലുടനീളം കൃത്യമായ മുന്‍തൂക്കം ടിറ്റെയുടെ സംഘത്തിനുണ്ടായിരുന്നു. ആദ്യപകുതിയില്‍ തന്നെ ഏഴ് ഷോട്ടുകളാണ് ബ്രസീല്‍ ടാർഗറ്റിലേക്ക് തൊടുത്തത്.