റിയോ: കോപ്പ അമേരിക്കയില്‍ ബൊളീവിയയെ തകര്‍ത്ത് അർജന്‍റീന ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് നീലക്കുപ്പായക്കാര്‍ വിജയം ആഘോഷിച്ചത്. നായകന്‍ ലയണല്‍ മെസിയുടെ ഇരട്ട ഗോളാണ് അർജന്‍റീനയുടെ വിജയം ആധികാരികമാക്കിയത്.
മത്സരത്തിന്‍റെ ആറാം മിനുട്ടില്‍ തന്നെ അലക്സാണ്ട്രോ ഗോമസിലൂടെ മുന്നിലെത്തിയ നീലക്കുപ്പായക്കാര്‍ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 33, 42 മിനുട്ടുകളില്‍ മെസി 65ാം മിനുട്ടില്‍ ലൌറ്റാറോ മാർട്ടിനസും അർജന്‍റീനയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
also read: ബുക്കാറസ്റ്റില്‍ സ്വിസ് വിജയഗാഥ; ഫ്രാന്‍സിനെ പെനാല്‍റ്റിയില്‍ തകര്‍ത്ത് ക്വാര്‍ട്ടറില്‍
60-ാം മിനുട്ടില്‍ എർവിന്‍ സാവേദ്രയിലൂടെയായിരുന്നു ബൊളീവിയ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. അതേസമയം ഗോള്‍ വലയ്ക്ക് കീഴില്‍ ബൊളീവിയന്‍ ഗോള്‍കീപ്പര്‍ ലാംപെ നടത്തിയ ശ്രദ്ധേയമായ പ്രകടനമാണ് അര്‍ജന്‍റീനയെ നാലില്‍ ഒതുക്കിയത്. ഗോളെന്നുറപ്പിച്ച അരഡസനോളം ഷോട്ടുകളാണ് താരം വലയ്ക്ക് പുറത്താക്കിയത്.
അതേസമയം ഗ്രൂപ്പ് എ യില്‍ നിന്നും ഒരു വിജയം പോലും നേടാനാകാതെയാണ് ബൊളീവിയ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായത്. മറ്റൊരു മത്സരത്തില്‍ പരാഗ്വേയെ എതിരില്ലാത്ത ഒരു ഗോളിന് ഉറുഗ്വേയ് രണ്ടാ സ്ഥാനത്തെത്തി. 21-ാം മിനുട്ടില്‍ എഡിസണ്‍ കവാനിയാണ് പെനാല്‍റ്റിയിലൂടെ വജയ ഗോള്‍ കണ്ടെത്തിയത്.