റിയോ ഡി ജനൈറോ: കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ സെമിഫൈനൽ ലക്ഷ്യമിട്ട് അർജന്‍റീന നാളെ (ഞായര്‍) ഇക്വഡോറിനെതിരെ. ഒളിമ്പിക് സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം പുലർച്ചെ ആറരയ്ക്കാണ് മത്സരം നടക്കുക. മറ്റൊരു ക്വാർട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഉറുഗ്വേ കൊളംബിയയുമായി പോരടിക്കും. മാറക്കാന സ്റ്റേഡിയത്തില്‍ പുലർച്ചെ 3.30നാണ് ഈ മത്സരം.
എതിരാളികളെ ബഹുമാനിക്കുമെന്ന് സ്കലോണി
തോൽവിയറിയാതെ ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനക്കാരായാണ് അർജന്‍റീന ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചത്. അതേസമയം ബ്രസീലിനെ സമനിലയില്‍ തളച്ച എതിരാളികളെ 'ബഹുമാനിക്കു'മെന്ന് അര്‍ജന്‍റീനന്‍ കോച്ച് ലിയോണൽ സ്കലോണി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്വഡോര്‍ വേഗതയും ചലനാത്മഗതയുമുള്ള ടീമാണെന്നും നല്ല കളിക്കാരുള്ള ടീമിനെ കീഴടക്കാന്‍ പ്രയാസമാണെന്നുമായിരുന്നു സ്കലോണിയുടെ പ്രകരണം.
എല്ലാം മെസി
മികച്ച പ്രകടനം നടത്തുന്ന ക്യാപ്റ്റന്‍ ലയണൽ മെസിയില്‍ തന്നെയാണ് ടീം പ്രതീക്ഷ വെയ്ക്കുന്നത്. ടൂര്‍ണമെന്‍റില്‍ മൂന്ന് ഗോളും രണ്ട് അസിസ്റ്റുമായി ടീമിനെ മുന്നില്‍ നിന്നും നയിക്കുകയാണ് താരം. ഗോള്‍ കീപ്പര്‍ സ്ഥാനത്തേക്ക് ഫ്രാങ്കോ അർമാനിക്ക് പകരം എമിലിയാനോ മാർട്ടിനസ് തിരിച്ചെത്തും.
പ്രതിരോധ താരം ക്രിസ്റ്റ്യൻ റൊമേറോയുടെ ഇടം കാലിനേറ്റ പരിക്ക് ആശങ്കയാണ്. റൊമേറോയെ മാറ്റി നിര്‍ത്തിയാല്‍ ജെർമൻ പെസെല്ലയ്ക്ക് അവസരം ലഭിച്ചേക്കും. നിക്കോളാസ് ടാഗ്ലിയാഫിക്കോ, മാര്‍ക്കോസ് അക്യൂന എന്നിവരും പരിഗണനയിലുണ്ട്. മൊളീനയും ഓട്ടമെൻഡിയും നേരത്ത തന്നെ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്. മിഡ്ഫീല്‍ഡില്‍ ലിയാൻഡ്രോ പരേഡസ് എത്തുമെന്നാണ് കരുതുന്നത്. എന്നാല്‍ ഗുയ്ഡോ റോഡ്രിഗിന്‍റെ മികച്ച പ്രകടനം കോച്ചിനെ ചിന്തിപ്പിക്കുന്നുണ്ട്.