ബ്രസീലിയ: കോപ്പ അമേരിക്കയിലെ രണ്ടാം സെമി ഫൈനലില്‍ നാളെ അർജന്‍റീന-കൊളംബിയ പോരാട്ടം. ബുധനാഴ്ച രാവിലെ 6.30നാണ് മത്സരം നടക്കുക. ക്വാർട്ടർ ഫൈനലിൽ ഇക്വഡോറിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് മെസിയും സംഘവും എത്തുന്നത്.
അര്‍ജന്‍റീനന്‍ നിരയില്‍ എല്ലാ കണ്ണുകളും ക്യാപ്റ്റന്‍ മെസിയില്‍ തന്നെയാണ്. ഗോളടിച്ചും സഹതാരങ്ങളെക്കൊണ്ട് ഗോളടിപ്പിച്ചും കോപ്പയിലെ ടീമിന്‍റെ യാത്രയില്‍ നിര്‍ണായകമാവാന്‍ താരത്തിന് കഴിഞ്ഞിരുന്നു. അതേസമയം ദേശീയ ടീമിനായി ഒരു കിരീടം പോലും നേടാനാവുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മെസിക്ക് ലഭിച്ച മികച്ച അവസരം കൂടിയാണിത്.
also read: കോപ്പ അമേരിക്ക: പെറുവിനെ കീഴടക്കി; കാനറികള്‍ ഫൈനലില്‍
അതേസമയം ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തില്‍ 4-2ന് ഉറുഗ്വേയെ കീഴടക്കിയാണ് കൊളംബിയ സെമി ഉറപ്പിച്ചത്. ഉറുഗ്വായുടെ രണ്ട് താരങ്ങളുടെ കിക്കുകള്‍ തടഞ്ഞിട്ട കൊളംബിയന്‍ ഗോള്‍കീപ്പര്‍ ഡേവിഡ് ഒസ്‌പിനയുടെ മികവാണ് ടീമിന് വിജയം സമ്മാനിച്ചത്. അര്‍ജന്‍റീനയ്ക്കെതിരെയും ടീം പ്രതീക്ഷവെയ്ക്കുന്നത് വലയ്ക്ക് മുന്നില്‍ ഒസ്‌പിനയുടെ മികവില്‍ തന്നെയാവും.
ചരിത്രം പറയുന്നത്
നേരത്തെ 40 തവണ ഇരുസംഘവും ഏറ്റുമുട്ടിയപ്പോള്‍ വ്യക്തമായ ആധിപത്യമാണ് അര്‍ജന്‍റീന പുലര്‍ത്തിയത്. 23 മത്സരങ്ങളില്‍ നീലക്കുപ്പായക്കാര്‍ ജയം പിടിച്ചപ്പോള്‍ ഒമ്പത് മത്സങ്ങള്‍ കൊളംബിയയ്ക്കൊപ്പം നിന്നു. എട്ട് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. അതേസമയം ഈ വര്‍ഷത്തിന്‍റെ തുടക്കത്തില്‍ ഇരു സംഘങ്ങളും പോരടിച്ചപ്പോള്‍ രണ്ട് ഗോളുകള്‍ വീതം നേടി മത്സരം സമനിലയില്‍ പിരിഞ്ഞിരുന്നു.