കേരളം

kerala

ETV Bharat / sports

കോപ്പ അമേരിക്ക: അര്‍ജന്‍റീന- ബ്രസീല്‍ സ്വപ്ന ഫൈനല്‍ നാളെ

എതിരില്ലാത്ത ഒരു ഗോളിന് പെറുവിനെ കീഴടക്കിയാണ് ബ്രസീല്‍ ഫൈനലുറപ്പിച്ചത്. അതേസമയം കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പിച്ചാണ് അ‍ര്‍ജന്‍റീനയുടെ വരവ്.

copa america  argentina vs brazil  messi  neymar  കോപ്പ അമേരിക്ക  അര്‍ജന്‍റീന- ബ്രസീല്‍  മെസി  നെയ്മര്‍  copa america news
കോപ്പ അമേരിക്ക: അര്‍ജന്‍റീന- ബ്രസീല്‍ സ്വപ്ന ഫൈനല്‍ നാളെ

By

Published : Jul 10, 2021, 1:47 PM IST

മാറക്കാന: കോപ്പ അമേരിക്കയുടെ സ്വപ്ന ഫൈനലില്‍ ആര് വിജയിക്കുമെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. കിരീടം നിലനിര്‍ത്താന്‍ ബ്രസീലും വര്‍ഷങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ അര്‍ജന്‍റീനയുമിറങ്ങുമ്പോള്‍ മാറക്കാനയില്‍ തീ പാറും. എതിരില്ലാത്ത ഒരു ഗോളിന് പെറുവിനെ കീഴടക്കിയാണ് ബ്രസീല്‍ ഫൈനലുറപ്പിച്ചത്. അതേസമയം കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പിച്ചാണ് അ‍ര്‍ജന്‍റീനയുടെ വരവ്.

ജയമാവര്‍ത്തിക്കാന്‍ കാനറികള്‍

തികഞ്ഞ ആത്മവിശ്വാസത്തിലാണ് തിയാഗോ സില്‍വയുടെ ബ്രസീല്‍. ഗോളടിച്ചും അടിപ്പിച്ചും സൂപ്പർ താരം നെയ്മര്‍ മുന്നിൽ തന്നെയുണ്ട്. എന്നാല്‍ ടീമെന്ന നിലയില്‍ തികഞ്ഞ ഒത്തിണക്കമുള്ള സംഘമാണ് ബ്രസീല്‍. ഇക്കാരണത്താല്‍ തന്നെ നെയ്‌മറെ കൂടുതല്‍ ആശ്രയിക്കേണ്ടതില്ലെന്നത് ടിറ്റെയുടെ തന്ത്രങ്ങളുടെ മൂര്‍ച്ച കൂട്ടും.

കഴിഞ്ഞ മത്സരങ്ങളില്‍ ലൂകാസ് പക്വേറ്റയായിരുന്നു ടീമിന്‍റെ ഗോള്‍ സ്‌കോറർ. തിയാഗോ സില്‍വ, മാര്‍ക്വിനോസ്‌, ഈഡര്‍ മിലിറ്റാവോ, കാസെമിറോ, ഫ്രെഡ് റിച്ചാർലിസണ്‍ എന്നിവരുടെയും ഗോള്‍ കീപ്പര്‍ എഡേഴ്‌സണിന്‍റെയും പ്രകടനം നിര്‍ണായകമാവും. ചിലിക്കെതിരായ മത്സരത്തില്‍ ചുവപ്പ് കണ്ട ഗബ്രിയേല്‍ ജെസ്യൂസിനെ ടിറ്റെയ്ക്ക് നഷമാവും. ടീമില്‍ മറ്റ് മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.

ജയിച്ച് കയറാന്‍ മെസിപ്പട

1993ന് ശേഷം ആദ്യ കിരീടം നേടുകയെന്ന ലക്ഷ്യത്തോടെ ജീവന്‍ മരണപ്പോരാട്ടത്തിന് തന്നെയാണ് അര്‍ജന്‍റീന ഉറങ്ങുന്നത്. സൂപ്പര്‍ താരം മെസിയെ ചുറ്റി പറ്റിയാണ് കോച്ച് ലിയണൽ സ്‌കലോണിയുടെ തന്ത്രങ്ങള്‍. ടൂര്‍ണമെന്‍റില്‍ മികച്ച ഫോം പുലര്‍ത്തുന്ന ക്യാപ്റ്റന്‍ മെസിയുടെ പ്രകടനം തന്നെയാണ് ടീമിന്‍റെ ഫൈനലിലേക്കുള്ള കുതിപ്പില്‍ നിര്‍ണായകമായത്.

also read: മലപ്പുറത്തെ ഫുട്ബോള്‍ ആവേശം; ചുമരില്‍ ജീവന്‍ തുടിക്കുന്ന മെസിയും നെയ്മറും

ഇതേവരെ നാലു ഗോളുകള്‍ കണ്ടെത്തിയ താരം അഞ്ച്‌ അസിസ്‌റ്റുകളുമായി ടീമിനെ മുന്നില്‍ നിന്നും നയിക്കുന്നുണ്ട്. ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസും ശ്രദ്ധാകേന്ദ്രമാണ്‌. നിക്കോളാസ് ഓട്ടമെൻഡി, റോഡ്രിഗോ ഡി പോൾ, ഗുയ്ഡോ റോഡ്രിഗസ്, ലൗറ്ററോ മാർട്ടിനസ് എന്നിവരും ടീമിലുണ്ടാവും. മിഡ്‌ഫീല്‍ഡറുടെ അഭാവം ഗിഡോ റോഡ്രിഗസിലൂടെ നികത്താനാവും സ്‌കലോണിയുടെ ശ്രമം. സെര്‍ജിയോ അഗ്യൂറോയ്ക്കും എയ്‌ഞ്ചല്‍ ഡി മരിയയും ആദ്യ ഇലവനില്‍ കോച്ച് ഇടം നല്‍കുമോയെന്ന് കാത്തിരുന്നു കാണാം.

ചരിത്രം പറയുന്നത്

ഇരു ടീമുകളും ഇതേവരെ പരസ്പരം 111 മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ 46 എണ്ണത്തില്‍ ബ്രസീലും 40 കളിയിൽ അര്‍ജന്‍റീനയും വിജയം പിടിച്ചു. 25 മത്സരങ്ങളാണ് സമനിലയിൽ അവസാനിച്ചത്. അതേസമയം ഏറ്റവുമൊടുവിൽ 2019 നവംബർ 19ന് ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ സൂപ്പർതാരം മെസിയുടെ ഗോളില്‍ അര്‍ജന്‍റീന വിജയം പിടിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ടീമിന്‍റെ വിജയം.

ABOUT THE AUTHOR

...view details