കേരളം

kerala

സുഹൃത്തുക്കളുടെ പോരാട്ടം; മെസിയും സുവാരസും നേര്‍ക്കുനേര്‍

By

Published : Jun 18, 2021, 2:17 PM IST

ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ സമനില വഴങ്ങിയ ശേഷമാണ് യുറുഗ്വെ കോപ്പ അമേരിക്കയിലെ ഗ്രൂപ്പ് തല പോരാട്ടങ്ങള്‍ക്ക് എത്തുന്നത്. ശനിയാഴ്‌ച വൈകീട്ട് 5.30നാണ് മത്സരം

മെസി vs സുവാരസ് വാര്‍ത്ത  കോപ്പ അമേരിക്ക അപ്പ്‌ഡേറ്റ്  messi vs suarez news  copa america update
മെസി, സുവാരസ്

റിയോ ഡിജനീറോ:കോപ്പ അമേരിക്കയില്‍ ഇനി ചങ്ക് ബ്രോസിന്‍റെ പോരാട്ടം. അര്‍ജന്‍റീനയും യുറുഗ്വയും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആവേശത്തിനപ്പുറം കാല്‍പന്തിന്‍റെ ലോകത്ത് കൗതുകമാകും വര്‍ധിക്കുക. ഒരുമിച്ച് പന്ത് തട്ടിയ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയും ലൂയി സുവാരസും തമ്മിലാണ് ഏറ്റുമുട്ടുന്നത്. പക്ഷെ കോപ്പയില്‍ കളി കാര്യമാകുമെന്ന് സുവാരസ് ഇതിനകം വ്യക്തമാക്കി കഴിഞ്ഞു. കളിക്കളത്തില്‍ ജയം മാത്രമാണ് ലക്ഷ്യമെന്ന സൂചനയാണ് പ്രീ മാച്ച് സെഷനില്‍ സുവാരസ് നല്‍കിയത്.

ഇരുവർക്കും ജയിക്കണം

കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിനാണ് യുറുഗ്വെ ഇറങ്ങുന്നതെങ്കില്‍ ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയതിന്‍റെ ക്ഷീണത്തിലാണ് അര്‍ജന്‍റീന. സൂപ്പര്‍ ഫോര്‍വേഡുകളായ ലൂയി സുവാരസിലും എഡിസണ്‍ കവാനിയിലുമാണ് യുറുഗ്വായുടെ പ്രതീക്ഷ. നേരത്തെ പരാഗ്വക്കും വെനസ്വേലക്കും എതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ സമനില വഴങ്ങിയ ശേഷമാണ് കോപ്പയിലെ പോരാട്ടങ്ങള്‍ക്കായി ടീം ബ്രസീലില്‍ എത്തിയത്.

ലയണല്‍ മെസിയും ലൂയി സുവാരസും ബാഴ്‌സലോണയുടെ ജേഴ്‌സിയില്‍(ഫയല്‍ ചിത്രം).

മറുഭാഗത്ത് മെസിയെ കൂടാതെ ലൗട്ടാരോ മാര്‍ട്ടിനസും സെര്‍ജിയോ അഗ്യൂറോയും ചേരുന്നതാണ് അര്‍ജന്‍റീയനുടെ മുന്നേറ്റ നിര. കോപ്പയിലെ ആദ്യ മത്സരത്തില്‍ മാര്‍ട്ടിനസിന് ഫോമിലേക്ക് ഉയരാന്‍ സാധിക്കാത്ത പശ്ചാത്തലത്തില്‍ അഗ്യൂറോയെ പരിശീലകന്‍ സ്‌കലോണി പരീക്ഷിച്ചേക്കും. മുന്നേറ്റത്തെക്കാള്‍ ഉപരി പ്രതിരോധത്തിലെ വെല്ലുവിളികളാണ് എല്ലാ കാലത്തും മെസിയെയും കൂട്ടരെയും ആശങ്കയിലാക്കുന്നത്. ചിലിക്കെതിരായ ആദ്യ മത്സരത്തില്‍ മെസിയിലൂടെ അര്‍ജന്‍റീന ലീഡ് പിടിച്ചെങ്കിലും രണ്ടാം പകുതിയില്‍ സമനില വഴങ്ങേണ്ടി വന്നു. അര്‍തുറോ വിദാല്‍ പെനാല്‍ട്ടി എടുത്ത ശേഷം റീ ബൗണ്ട് സാധ്യത മുന്നില്‍ കാണാന്‍ അര്‍ജന്‍റീനയുടെ ഡിഫന്‍സിനായില്ല. മത്സരം സോണി ലിവിലും സോണി ടെന്നിലും ശനിയാഴ്‌ച വൈകീട്ട് 5.30 മുതല്‍ തത്സമയം.

നൗ കാമ്പിലെ സൗഹൃദം

ലയണല്‍ മെസിയും ലൂയി സുവാരസും ദേശീയ ടീമുകളുടെ ജേഴ്‌സിയില്‍(ഫയല്‍ ചിത്രം).

ബാഴ്‌സലോണയില്‍ ഒരു പതിറ്റാണ്ടോളം നീണ്ട ബന്ധമാണ് ലൂയി സുവാരസും മെസിയും തമ്മിലുള്ളത്. സ്‌പെയിനില്‍ ഇരുവരും അടുത്തടുത്ത താമസസ്ഥലങ്ങളിലാണ് കഴിയുന്നത്. സുവരാസ് ബാഴ്‌സ വിടുന്നതിന് മുമ്പും മെസി ബാഴ്‌സ വിടുന്നതായി പ്രഖ്യാപനം നടത്തുന്നതിന് മുമ്പും ഇരുവരും തമ്മില്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഒരു പതിറ്റാണ്ടോളം നീണ്ട നൗ കാമ്പ് വാസത്തിന് ശേഷം കഴിഞ്ഞ സീസണ്‍ തുടക്കത്തിലാണ് സുവാരസ് അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറിയത്. ഇതിന് പിന്നാലെ സുവരാസ് അത്‌ലറ്റിക്കോക്ക് സ്‌പാനിഷ് ലാലിഗ കിരീടം നേടക്കൊടുക്കുകയും ചെയ്‌തു. രണ്ട് പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനൊടുവിലായിരുന്നു അത്‌ലറ്റിക്കോ കഴിഞ്ഞ സീസണില്‍ കപ്പുയര്‍ത്തിയത്.

ബൊളീവിയ vs ചിലി

കോപ്പ അമേരിക്കയില്‍ ശനിയാഴ്‌ച പുലര്‍ച്ചെ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ചിലി ബൊളീവിയയെ നേരിടും. പുലര്‍ച്ചെ 2.30നാണ് മത്സരം. ആദ്യ മത്സരത്തില്‍ പരാഗ്വക്കെതിരെ പരാജയം വഴങ്ങിയ ശേഷമാണ് ബൊളീവിയ ചിലിയെ നേരിടാന്‍ എത്തുന്നത്. മത്സരം സോണി ലിവിലും സോണി ടെന്നിലും തത്സമയം.

ABOUT THE AUTHOR

...view details