ഇടുക്കി: കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്‍റീനയുടെ വിജയത്തില്‍ ആഹ്ലാദം പങ്കുവെച്ച് എംഎം മണി എംഎല്‍എ. ഫേസ് ബുക്കിലൂടെയാണ് അര്‍ജന്‍റീനയുടെ കട്ട ആരാധകനായ മണിയാശാന്‍റെ പ്രതികരണം. ''നമ്മളെ അനാവശ്യമായി ചൊറിയാൻ വന്നാ നമ്മളങ്ങ് കേറി മാന്തും. അല്ല പിന്നെ'' എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. നേരത്തെ ബ്രസീല്‍ ഫാന്‍സിനെ ട്രോളി 'മ്മടെ ബ്രസീല്‍ പടമായിട്ടോ' എന്നും അദ്ദേഹം കുറിച്ചിരുന്നു.
സോഷ്യല്‍ മീഡിയയില്‍ അര്‍ജന്‍റീന ഫാന്‍സിന്‍റെ വീര പുരുഷന്‍ കൂടിയാണ് മണിയാശാന്‍. ബ്രസീല്‍ ഫാന്‍സിനെതിരായ പോരാട്ടത്തില്‍ അര്‍ജന്‍റീന ഫാന്‍സിനെ മുന്നില്‍ നിന്നും നയിക്കാന്‍ എപ്പോഴും മണിയാശാനുണ്ടായിരുന്നു. ഇത്തരത്തില്‍ ബ്രസീല്‍ ആരാധകരായ മന്ത്രി വി. ശിവന്‍ കുട്ടി, മുന്‍ മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ എന്നിവരുമായുള്ള പോര് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തിയിരുന്നു.
also read: 'അർജന്‍റീനയുടെ വിജയവും ലയണൽ മെസിയുടെ കിരീടധാരണവും സുന്ദരം': മുഖ്യമന്ത്രി
അതേസമയം അര്‍ജന്‍റീനയുടെ വിജയത്തില്‍ പങ്കുചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. കോപ്പയില്‍ വിജയിച്ചത് ഫുട്ബോൾ ഉയർത്തിപ്പിടിക്കുന്ന മാനവികതയും സാഹോദര്യവും സ്‌പോർട്‌സ്‌മാൻ സ്‌പിരിറ്റുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അർജന്‍റീനയുടെ വിജയവും ലയണൽ മെസി എന്ന ലോകോത്തര താരത്തിന്‍റെ കിരീടധാരണവും സുന്ദരമാണെന്നും ഫുട്ബോൾ ആരാധകരുടെ സന്തോഷത്തിൽ പങ്കുചേരുന്നതായും പിണറായി വിജയന്‍ പറഞ്ഞു.
മത്സരത്തില്‍ ഏക പക്ഷീയമായ ഒരു ഗോളിനാണ് ബ്രസീലിനെതിരെ അര്‍ജന്‍റീന വിജയം പിടിച്ചത്. 21ാം മിനിട്ടില്‍ ഏയ്ഞ്ചൽ ഡി മരിയയാണ് അര്‍ജന്‍റീനയ്ക്കായി ഗോള്‍ കണ്ടെത്തിയത്. 1993ന് ശേഷമുള്ള അര്‍ജന്‍റീനയുടെ കിരീട നേട്ടവും കോപ്പയില്‍ ടീമിന്‍റെ 15-ാം കിരീടവും കൂടിയാണിത്. ഇതോടെ ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങളെന്ന ഉറുഗ്വായുടെ നേട്ടത്തിനൊപ്പമെത്താനും അര്‍ജന്‍റീനയ്ക്കായി.