റിയോ ഡിജനീറോ: കാനറികളെ സമനിലയില്‍ തളച്ച് ഇക്വഡോര്‍ ക്വാര്‍ട്ടറില്‍. ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് പിരിഞ്ഞു. ഗ്രൂപ്പ് ഘട്ടത്തില്‍ അപരാജിതരായി മുന്നേറുന്ന ബ്രസീല്‍ ആദ്യമായാണ് ഒരു മത്സരത്തില്‍ സമനില വഴങ്ങുന്നത്. നെയ്‌മര്‍ ജൂനിയര്‍, കാസെമിറോ, ഗബ്രിയേല്‍ ജസൂസ് തുടങ്ങിയ വമ്പന്‍ താരങ്ങളെ പുറത്തിരുത്തിയാണ് പരിശീലകന്‍ ടിറ്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിന് ബ്രസീലിയന്‍ നിരയെ ഒരുക്കിയത്. ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പാക്കിയ കാനറികള്‍ സ്റ്റാര്‍ട്ടിങ് ഇലവനില്‍ പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നു.
മറുപാതിയില്‍ ഇക്വഡോറിന് ജീവന്‍മരണ പോരാട്ടമായിരുന്നു. ആദ്യ പകുതിയിലെ ഇരു ടീമുകളും ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്തു. ബ്രസീലാണ് ആദ്യം അക്കൗണ്ട് തുറന്നത്. 37-ാം മിനിട്ടില്‍ ലഭിച്ച ഫ്രീ കിക്ക് എഡര്‍ മിലിറ്റോ ഹെഡറിലൂടെ ഗോളാക്കി മാറ്റി. എവര്‍ട്ടണിന്‍റെ ഫ്രീ കിക്ക് ഫസ്റ്റ് പോസ്റ്റിലൂടെ മിലിറ്റോ സമര്‍ഥമായി വലയിലെത്തിച്ചു. ബ്രസീലിന് വേണ്ടിയുള്ള മിലിറ്റോയുടെ ആദ്യ ഗോളാണ് ഇക്വഡോറിനെതിരെ പിറന്നത്.
സമനില ഗോളിനായി ഇക്വഡോറിന് രണ്ടാം പകുതി വരെ കാത്തിരിക്കേണ്ടി വന്നു. ഏഞ്ചല്‍ മേനയിലൂടെയാണ് ഇക്വഡോര്‍ സമനില പിടിച്ചത്. പകരക്കാരനായി എത്തിയ മേന ബോക്‌സിനുള്ളില്‍ വെച്ച് ലഭിച്ച പന്ത് തകര്‍പ്പന്‍ ഷോട്ടിലൂടെയാണ് വലയിലെത്തിച്ചത്. ഇക്വഡോറിന്‍റെ കോര്‍ണര്‍ക്കിക്ക് പ്രതിരോധിക്കാനുള്ള കാനറികളുടെ ശ്രമത്തിനിടെ പന്ത് റീബോണ്ട് ചെയ്‌ത് ബോക്‌സിനുള്ളിലേക്ക് എത്തി. ഹെഡറിലൂടെ ബോക്‌സിനുള്ളിലെത്തിയ പന്ത് ഫോര്‍വേഡ് വലന്‍സിയ മേനക്ക് കൈമാറി. പിന്നാലെ പന്ത് വലയിലെത്തി.
Also Read: ഒറ്റ ഗോളില്‍ പോര്‍ച്ചുഗല്‍ തകര്‍ന്നു; ബെല്‍ജിയം ക്വാര്‍ട്ടറില്‍
മത്സരം സമനിലയിലായതോടെ എ ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായ വെനസ്വേലയെ മറികടന്ന് ഇക്വഡോര്‍ ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് സമനില മാത്രമാണ് ഇക്വഡോറിനുള്ളത്. ക്വാര്‍ട്ടറിലെ ഇക്വഡോറിന്‍റെ എതിരാളികളെ ചൊവ്വാഴ്‌ച പുലര്‍ച്ചെ നടക്കുന്ന ബി ഗ്രൂപ്പിലെ അവസാന ഘട്ട പോരാട്ടത്തില്‍ അറിയാം. യുറുഗ്വയും പരാഗ്വയും ഏറ്റുമുട്ടുമ്പോള്‍ മറ്റൊരു മത്സരത്തില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായ അര്‍ജന്‍റീന ബൊളീവിയയെ നേരിടും.