റിയോ ഡിജനീറോ: ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ രാജ്യാന്താര തലത്തിലെ ഗോള്‍ നേട്ടത്തിനൊപ്പം ബ്രസീലിയന്‍ ഫോര്‍വേഡ് നെയ്‌മര്‍ എത്തുമോ. കോപ്പയില്‍ ഇത്തവണ നെയ്‌മറുടെ ബൂട്ടില്‍ നിന്നും ഒമ്പത് ഗോളുകള്‍ കൂടി പിറന്നാല്‍ പെലെയുടെ റെക്കോഡിന് ഒപ്പമെത്താം. ഫിഫയുടെ കണക്ക് പ്രകാരം 77 അന്താരാഷ്‌ട്ര ഗോളുകളാണ് പെലെയുടെ പേരിലുള്ളത്. ഗ്രൂപ്പ് തലത്തില്‍ കാനറികള്‍ അടുത്ത മത്സരത്തിന് തയാറെടുക്കുമ്പോള്‍ നെയ്‌മര്‍ എത്ര ഗോള്‍ അടിക്കുമെന്ന കണക്കൂട്ടലുമായി ആരാധകര്‍ സജീവമായി കഴിഞ്ഞു.
കോപ്പയില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബ്രസീലിന് ഗ്രൂപ്പ് ഘട്ടത്തില്‍ ഇനി രണ്ട് മത്സരങ്ങളാണ് ബാക്കിയുള്ളത്. 24ന് വൈകീട്ട് 5.30ന് റിയോ ഡി ജനീറോയില്‍ കൊളംബിയെ നേരിടുന്ന കാനറികള്‍ ജൂണ്‍ 28ന് പുലര്‍ച്ചെ 2.30ന് ഇക്വഡേറിനെതിരെ ബൂട്ട് കെട്ടും. ഗ്രൂപ്പ് തലത്തില്‍ പൂര്‍ത്തിയായ രണ്ട് മത്സരങ്ങളിലും ജയിച്ച ബ്രസീല്‍ ടേബിള്‍ ടോപ്പറായി ക്വാര്‍ട്ടര്‍ പ്രവേശം ഉറപ്പാക്കാനുള്ള ഒരുക്കത്തിലാണ്. ഇതേവരെ എതിരാളികളുടെ ഗോള്‍വല ഏഴ് തവണ ചലിപ്പിച്ച കാനറികള്‍ ഒരു തവണ പോലും ഗോള്‍ വഴങ്ങിയിട്ടില്ല. രണ്ട് ഗോളുകളും ഒരു അസിസ്റ്റുമായി ഫോമിലേക്ക് ഉയര്‍ന്ന നെയ്‌മറുടെ കരുത്തില്‍ ഗ്രൂപ്പ് എയില്‍ നിന്നും കാനറികള്‍ ഇതിനകം പ്ലേ ഓഫ് ഉറപ്പിച്ചു.
പെറുവിനെതിരായ അവസാന മത്സരത്തില്‍ ഏഴ് മാറ്റങ്ങളുമായായാണ് പരിശീലകന്‍ ടിറ്റെ സ്റ്റാര്‍ട്ടിങ് ഇലവനെ പ്രഖ്യാപിച്ചത്. മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ബ്രസീല്‍ വിജയിച്ചു. അലിസണ്‍ ബെക്കര്‍, കാസെമിറോ, റിച്ചാര്‍ലിസണ്‍ എന്നിവര്‍ ചേര്‍ന്ന് ഇന്ന് ബ്രസീലിന് ഒരിക്കല്‍ കൂടി മികച്ച തുടക്കം നല്‍കുമെന്ന് പ്രതീക്ഷിക്കാം.