റിയോ ഡിജനീറോ: കോപ്പ അമേരിക്കയിലെ ഗ്രൂപ്പ് തല പോരാട്ടങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. പുലര്‍ച്ചെ 2.30ന് നടക്കുന്ന ഗ്രൂപ്പ് എയിലെ നിര്‍ണായക മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യതക്കായി പൊരുതുന്ന ഇക്വഡോറിനെ നേരിടും. അതേസമയം ഇന്ന് കിക്കോഫാകുന്ന മറ്റൊരു മത്സരത്തില്‍ പെറുവിന്‍റെ എതിരാളികള്‍ ദുര്‍ബലരായ വെനസ്വേലയാണ്.
കാനറികള്‍ ഫുള്‍ ഫോമിലാണ് ഇക്വഡേറിനെ നേരിടാന്‍ എത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇതേവരെ കളിച്ച മൂന്ന് മത്സരങ്ങളിലും ജയിച്ച ബ്രസീല്‍ ടേബിള്‍ ടോപ്പറായി പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച് കഴിഞ്ഞു. മറുഭാഗത്ത് ഇക്വഡോറിന് ഈ മത്സരം നിര്‍ണായകമാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് സമനിലയും ഒരു പരാജയവും ഉള്‍പ്പെടെ രണ്ട് പോയിന്‍റ് മാത്രമുള്ള ഇക്വഡോറിന് കാനറികള്‍ക്കെതിരെ സമനിലയെങ്കിലും പിടിക്കാനായാലെ ക്വാര്‍ട്ടര്‍ ഉറപ്പിക്കാനാകൂ.
ഇരു ടീമുകളും ഇതിന് മുമ്പ് 33 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 27 പ്രാവശ്യവും ജയം കാനറികള്‍ക്കൊപ്പം നിന്നു. രണ്ട് മത്സരങ്ങളില്‍ ഇക്വഡോര്‍ ജയിച്ചു. നാല് പോരാട്ടങ്ങള്‍ സമനിലയിലായി.