റിയോ ഡിജനീറോ:കോപ്പ അമേരിക്കയില്‍ അപരാജിത കുതിപ്പ് തുടര്‍ന്ന് നിലവിലെ ചാമ്പ്യന്‍മാരായ ബ്രസീല്‍. ഇന്ന് പുലര്‍ച്ചെ കൊളംബിയക്കെതിരെ നടന്ന ഹോം ഗ്രൗണ്ട് പോരാട്ടത്തില്‍ കാനറികള്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയിച്ചു. എക്‌സ്‌ട്രാ ടൈമില്‍ മിഡ്‌ഫീല്‍ഡര്‍ കാസെമിറോയുടെ ഗോളിലൂടെയാണ് ബ്രസീലിന്‍റെ ജയം.
സൂപ്പര്‍ ഫോര്‍വേഡ് നെയ്‌മറുടെ അസിസ്റ്റിലാണ് മഞ്ഞപ്പടയുടെ ജയം. എക്‌ട്രാ ടൈമിലെ 10-ാം മിനിട്ടിലാണ് കാസെമിറോ ബ്രസീലിന്‍റെ രക്ഷകനായി അവതരിച്ചത്. നെയ്‌മര്‍ തൊടുത്ത കോര്‍ണര്‍ കിക്ക് ബോക്‌സിനുള്ളില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന കാസെമിറോ വലയിലെത്തിക്കുകയായിരുന്നു. കോപ്പയില്‍ തുടര്‍ച്ചയായ മൂന്നാമത്തെ മത്സരത്തിലും ജയിച്ച് ബ്രസീല്‍ അപരാജിത കുതിപ്പ് തുടരുകയാണ്.
മത്സരത്തില്‍ ആദ്യം ലീഡുയര്‍ത്തിയത് കൊളംബിയയായിരുന്നു. കിക്കോഫായി 10-ാം മിനിട്ടില്‍ മനോഹരമായ സിസര്‍കട്ടിലൂടെ ലൂയിസ് ഡയസ് കൊളംബിയക്കായി ലീഡുയര്‍ത്തി. വിങ്ങര്‍ കുഡ്രാഡോയുടെ അസിസ്റ്റിലൂടെയാണ് കൊളംബിയയുടെ ഗോള്‍. രണ്ടാം പകുതിയില്‍ റോബെര്‍ട്ടോ ഫെര്‍മിനോയിലൂെട ബ്രസീല്‍ സമനില പിടിച്ചു. വാറിലൂടെ ഗോള്‍ അനുവദിച്ചതിന് പിന്നാലെ കൊളംബിയന്‍ താരങ്ങള്‍ പ്രതിഷേധവുമായി റഫറിയെ വളഞ്ഞു. ഇതേ തുടര്‍ന്ന് 10 മിനിട്ടോളം കളി തടസപ്പെട്ടു.
Also Read: കാല്‍പന്തിന്‍റെ ലോകത്തെ മിശിഹക്ക് ജന്മദിനം; മെസി@ 34
കോപ്പയില്‍ ഇതിനകം ക്വാര്‍ട്ടര്‍ ഉറപ്പാക്കിയ ബ്രസീലിന് ഗ്രൂപ്പ് തലത്തില്‍ ഒരു മത്സരം കൂടി ശേഷിക്കുന്നുണ്ട്. ബി ഗ്രൂപ്പില്‍ ഇക്വഡോറിനെതിരെ പെഡ്രോ ലുഡോവിക്കോ ഒളിമ്പിക് സ്റ്റേഡിയത്തിലാണ് കാനറികളുടെ അടുത്ത പോരാട്ടം. അതേസമയം ഗ്രൂപ്പ് തലത്തിലെ അവസാന മത്സരം കളിച്ച കൊളംബിയക്ക് ഇതേവരെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പാക്കാന്‍ സാധിച്ചിട്ടില്ല.