മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തുടര്‍ച്ചയായ 14-ാം മത്സരത്തിലും ജയം. വെസ്റ്റ് ഹാമിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പെപ്പ് ഗാര്‍ഡിയോളയുടെ ശിഷ്യന്‍മാര്‍ പരാജയപ്പെടുത്തി. ഹോം ഗ്രൗണ്ടിലെ ജയത്തോടെ ടേബിള്‍ ടോപ്പറായ സിറ്റിയുടെ മുന്‍തൂക്കം 13 പോയിന്‍റായി ഉയര്‍ന്നു. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് 49 പോയിന്‍റ് മാത്രമാണുള്ളത്.
പ്രീമിയര്‍ ലീഗില്‍ ആധിപത്യം തുടരുന്നു; സിറ്റിക്ക് വീണ്ടും ജയം - സിറ്റിക്ക് ജയം വാര്‍ത്ത
വെസ്റ്റ് ഹാമിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി വിജയിച്ചത്
ലീഗിലെ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ള വെസ്റ്റ് ഹാമിനെതിരെ മൂന്ന് തവണ സിറ്റി ലക്ഷ്യത്തിലേക്ക് ഷോട്ട് ഉതിര്‍ത്തെങ്കിലും ഡിഫന്‍ഡര്‍മാരായ റുബെന്‍ ഡിയാസിനും ജോണ്‍ സ്റ്റോണിനും മാത്രമേ പന്ത് വലയിലെത്തിക്കാനായുള്ളൂ. ആദ്യ പകുതിയിലായിരുന്നു ഡിയാസ് വല കുലുക്കിയത്. രണ്ടാം പകുതിയിലാണ് സ്റ്റോണ്‍ പന്ത് വലയിലെത്തിച്ചത്. സീസണില്‍ സിറ്റിക്കായി സ്റ്റോണിന്‍റെ നാലാമത്തെ ഗോളാണിത്.
ആദ്യപകുതിയില്‍ നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ രണ്ട് മിനിട്ട് മാത്രം ശേഷിക്കെ ഫോര്‍വേഡ് മിഖായേല്‍ അന്‍റോണിയൊ വെസ്റ്റ് ഹാമിനായി ആശ്വാസ ഗോള്‍ സ്വന്തമാക്കി. വെസ്റ്റ് ഹാം വമ്പന്‍ പോരാട്ട വീര്യമാണ് പുറത്തെടുത്തതെന്ന് സിറ്റിയുടെ പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോള മത്സര ശേഷം പറഞ്ഞു. ലീഗില്‍ 26 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ വെസ്റ്റ് ഹാമിന് പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്ത് തുടരാന്‍ സാധിക്കുന്നത് ഏറെ തയ്യാറെടുപ്പുകളുടെ ഭാഗമായാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.