ലീഡ്‌സ്: കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഇത്തവണ ഇംഗ്ലീഷ് പ്രീമയര്‍ ലീഗ് കിരീടം കൈവിട്ട് പോകുമൊ എന്ന ആശങ്ക ഉണ്ടായതായി ലിവര്‍പൂള്‍ പരിശീലകന്‍ യൂര്‍ഗന്‍ ക്ലോപ്പ്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെയാണ് ഇംഗ്ലണ്ടിലെ കൊവിഡ് 19 വ്യാപനത്തില്‍ യൂര്‍ഗന്‍ ക്ലോപ്പ് പഴിചാരുന്നത്. കൊവിഡ് 19-നെ തുടര്‍ന്ന് പുനരാരംഭിച്ച ഇപിഎല്ലിലെ ലിവര്‍പൂളിന്‍റെ ആദ്യ മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് 19-നെ തുടര്‍ന്ന് പുനാരാരംഭിച്ച ലീഗില്‍ ലിവര്‍പൂളിന്‍റെ ആദ്യ മത്സരം ജൂണ്‍ 21-ന് നടക്കും. ഗൂഡിസണ്‍ പാര്‍ക്കില്‍ ഇന്ത്യന്‍ സമയം രാത്രി 11.30-ന് നടക്കുന്ന മത്സരത്തില്‍ എവര്‍ട്ടണാണ് എതിരാളികള്‍.
ഇപിഎല്‍ കിരീടം കൈവിട്ടുപോകുമൊ എന്ന് ആശങ്ക ഉയര്‍ന്നു: യൂര്‍ഗന്‍ ക്ലോപ്പ് - ഇപിഎല്‍ വാര്‍ത്ത
ബ്രിട്ടനിലെ കൊവിഡ് വ്യാപനത്തില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെയാണ് ലിവര്‍പൂള്‍ പരിശീലകന്‍ യൂര്‍ഗന്‍ ക്ലോപ്പ് പഴിചാരുന്നത്.
കൊവിഡ് 19 ബാധിച്ച് ബ്രിട്ടനില്‍ ആയിരങ്ങള്‍ മരിച്ച് വീഴുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെന്നും യൂര്‍ഗന്‍ ക്ലോപ്പ് പറഞ്ഞു. ഈ സര്‍ക്കാരിന് വേണ്ടി താന്‍ വോട്ട് ചെയ്യില്ല. ഇംഗ്ലണ്ടിലെ സ്ഥിതി വെച്ച് നോക്കുമ്പോള്‍ ജര്‍മനിയില്‍ സ്ഥിതി തീര്‍ത്തും വ്യത്യസ്ഥമാണ്. രണ്ട് രാജ്യങ്ങളിലെയും സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ രണ്ട് ഗ്രഹങ്ങളിലാണെന്ന് തോന്നിപ്പോകുമെന്നും യൂര്‍ഗന്‍ ക്ലോപ്പ് പറഞ്ഞു. ജര്‍മനിയില്‍ കൊവിഡ് 19 ഏതാണ്ട് നിയന്ത്രണ വിധേയമായി കഴിഞ്ഞു. അതേസമയം ബ്രിട്ടനില്‍ ഇതിനകം 3,03,000 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചപ്പോള്‍ 42,500 മരണം റിപ്പോര്‍ട്ട് ചെയ്തു.
മഹാമാരി കാരണം മാര്‍ച്ച് മാസം മുതല്‍ നിര്‍ത്തിവെച്ച ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ജൂണ്‍ 17-നാണ് പുനരാരംഭിച്ചത്. രണ്ട് ജയങ്ങള്‍ കൂടി നേടിയാല്‍ ലിവര്‍പൂളിന് പ്രഥമ ഇംഗ്ലീഷ് പ്രീമയര്‍ ലീഗ് കിരീടം സ്വന്തമാക്കാം.