ജെനീവ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മുന്‍ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് യുവേഫ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. രാജ്യാന്തര കായിക തര്‍ക്കപരിഹാര കോടതിയുടെതാണ് നടപടി. സാമ്പത്തിക തട്ടിപ്പിന്‍റെ പേരില്‍ ചാമ്പ്യന്‍സ് ലീഗില്‍ രണ്ട് വര്‍ഷത്തെ വിലക്കാണ് നേരത്തെ യുവേഫ ഏര്‍പ്പെടുത്തിയത്. സാമ്പത്തിക തട്ടിപ്പുകളെ തുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരിയിലാണ് യുവേഫ മാഞ്ചസ്റ്റര്‍ സിറ്റിയെ വിലക്കിയത്. ഇതിനെതിരെ സിറ്റി നല്‍കിയ അപ്പീലിലാണ് ഇപ്പോള്‍ വിധിയുണ്ടായിരിക്കുന്നത്. നേരത്തെ 2012-2016 കാലയളവില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പല പണമിടപാടുകളും യുവേഫ ചട്ടങ്ങള്‍ ലംഘിച്ചാണെന്ന രീതിയില്‍ ജര്‍മന്‍ മാസിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് യുവേഫ അന്വേഷണം നടത്തി സിറ്റിക്കെതിരെ വിലക്ക് പ്രഖ്യാപിക്കുകയായിരുന്നു. യുണൈറ്റഡ് ഗ്രൂപ്പ് ഉടമകളായിട്ടുള്ള ക്ലബ് കണക്കുകളിൽ കൃത്രിമം കാട്ടിയെന്നാണ് ആരോപണം. യുവേഫയുടെ ക്ലബ് ലൈസന്‍സിങ്ങിലും ഫിനാന്‍ഷ്യല്‍ ഫെയർ പ്ലേ റഗുലേഷനിലും 2012-2016 കാലഘട്ടത്തില്‍ ക്ലബ് വീഴ്‌ച്ച വരുത്തിയതായാണ് അന്വേഷണ സമിതി കണ്ടെത്തിയത്.
ചാമ്പ്യന്‍സ് ലീഗ്; മാഞ്ചസ്‌റ്റർ സിറ്റിക്ക് രണ്ട് സീസണില്‍ വിലക്ക്