ലിസ്‌ബണ്‍: ചാമ്പ്യന്‍സ് ലീഗിലെ അവസാനത്തെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം. പോര്‍ച്ചുഗലിന്‍റെ തലസ്ഥാനമായ ലിസ്‌ബണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ഒളിമ്പിക് ലിയോണും തമ്മില്‍ ഏറ്റുമുട്ടും. യൂറോപ്പിലെ രണ്ട് ലീഗുകളിലെ ചാമ്പ്യന്‍മാരെ പരാജയപ്പെടുത്തിയാണ് സിറ്റിയും ലിയോണും ലിസ്‌ബണിലേക്ക് വണ്ടി കയറിയത്.
സ്‌പാനിഷ് ലാലിഗയിലെ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിനെ പരാജയപ്പടുത്തിയാണ് സിറ്റി ക്വാര്‍ട്ടര്‍ യോഗ്യത നേടിയത്. അതേസമയം ഇറ്റാലിയന്‍ സീരി എയിലെ ചാമ്പ്യന്‍മാരായ യുവന്‍റസിനെ എവേ ഗോളിന്‍റെ പിന്‍ബലത്തില്‍ പരാജയപ്പെടുത്തിയാണ് ലിയോണ്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.
സ്‌ട്രൈക്കര്‍മാരായ റഹീം സ്റ്റര്‍ലിങ്ങും ഗബ്രിയേല്‍ ജസൂസുമാണ് സിറ്റിയുടെ ശക്തി. ഇരുവരും ചാമ്പ്യന്‍സ് ലീഗിന്‍റെ ഈ സീസണില്‍ ആറ് ഗോള്‍ വീതം സ്വന്തമാക്കിയിട്ടുണ്ട്. സീസണില്‍ ഇതേവരെ നടന്ന മത്സരങ്ങളില്‍ നിന്നായി 26 ഗോളുകളാണ് സ്റ്റര്‍ലിങ്ങിന്‍റെ അക്കൗണ്ടിലുള്ളത്. ചാമ്പ്യന്‍സ് ലീഗിന്‍റെ എല്ലാ സീസണുകളിലുമായി 62 മത്സരങ്ങളില്‍ നിന്നുമായി 20 ഗോള്‍ സ്റ്റര്‍ലിങ്ങ് ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. 14 ഗോളുകള്‍ സ്വന്തമാക്കിയ ഗബ്രിയേല്‍ ജീസസ് തൊട്ടുപിന്നിലുണ്ട്. സീസണില്‍ മികച്ച ഫോമിലല്ലെങ്കിലും സെര്‍ജിയോ അഗ്യൂറോയും സിറ്റിക്ക് കരുത്താകും. റയലിനെ അട്ടിമറിച്ച സിറ്റി ആത്മവിശ്വാസത്തിലാണ്.
റൂഡി ഗാര്‍ഷ്യക്ക് കീഴില്‍ യുവന്‍റസിനെ അട്ടിമറിച്ച ഫ്രഞ്ച് ക്ലബ് ഒളിമ്പിക് ലോയോണ്‍ സെമി പ്രതീക്ഷിച്ചാണ് പോര്‍ച്ചുഗലില്‍ എത്തിയിരിക്കുന്നത്. മെംഫിസ് ഡിപെയുടെ നേതൃത്വത്തിലുള്ള മുന്നേറ്റ നിര ചാമ്പ്യന്‍സ് ലീഗിന്‍റെ ഈ സീസണില്‍ ഇതിനകം ഏഴ് ഗോളുകള്‍ സ്വന്തമാക്കി കഴിഞ്ഞു. യൂറോപ്യന്‍ ലീഗുകളില്‍ 23 ഗോളുകളാണ് ഡിപെയുടെ പേരിലുള്ളത്. ചാമ്പ്യന്‍സ് ലീഗില്‍ മാത്രം എട്ട് ഗോളുകളാണ് ഡിപെയുടെ പേരിലുള്ളത്.
മത്സരം ഞായറാഴ്‌ച പുലര്‍ച്ചെ 12.30ന് സോണി ലൈവില്‍. ക്വാര്‍ട്ടറില്‍ ജയിക്കുന്ന ടീം സെമി ഫൈനലില്‍ ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിനെ നേരിടും. ഓഗസ്റ്റ് 20ന് പുലര്‍ച്ചെ 12.30നാണ് സെമി ഫൈനല്‍ മത്സരം.