ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ മേജർ ധ്യാൻചന്ദ് ഖേൽരത്‌ന നേടുന്ന ആദ്യത്തെ ഫുട്‌ബോള്‍ താരമാവുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. 2005 ജൂൺ 12-ന് പാകിസ്ഥാനെതിരായ അന്താരാഷ്ട്ര അരങ്ങേറ്റം മുതൽ, രാജ്യത്തിന്‍റെ ഫുട്ബോൾ ചരിത്രം പലതവണ തിരുത്തിയെഴുതാന്‍ ഛേത്രിക്കായിട്ടുണ്ട്.
രാജ്യന്തര ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ അര്‍ജന്‍റീനന്‍ ഇതിഹാസം ലയണല്‍ മെസിക്കൊപ്പം അഞ്ചാം സ്ഥാനത്താണ് നിലവില്‍ ഛേത്രിയുള്ളത്. 80 ഗോളുകളാണ് ഇരുവരുടേയും പേരിലുള്ളത്. ഇപ്പോഴിതാ 16 വര്‍ഷങ്ങളായുള്ള തന്‍റെ കളി ജീവിതം സ്വപ്ന തുല്ല്യമാണെന്ന് വീണ്ടും ആവര്‍ത്തിക്കുകയാണ് താരം.
"പുരസ്‌ക്കാര നേട്ടം ശരിക്കും പ്രചോദിപ്പിക്കുന്നു. പുരസ്‌ക്കാരത്തിന് നന്ദി. എന്‍റെ കരിയര്‍ സ്വപ്‌ന തുല്ല്യമാണെന്ന് ഞാന്‍ പലപ്പോഴും പറയാറുള്ളതാണ്. കുടുംബത്തിന്‍റെയും സഹതാരങ്ങളുടേയും പരിശീലിപ്പിച്ച കോച്ചുമാരുടേയും പിന്തുണയില്ലാതെ ഇതൊന്നും നേടാന്‍ കഴിയുമായിരുന്നില്ല. ഇത്രയും വര്‍ഷങ്ങളില്‍ ഒരുപാട് മത്സരങ്ങള്‍ ദേശീയ ടീമിനായി കളിക്കുകയെന്നത് അതിശയകരമാണ്. ഇതൊരു മികച്ച യാത്രയാണ് " 36കാരനായ ഛേത്രി പറഞ്ഞു.