ചെന്നൈ:ഐഎസ്എല്‍ ആറാം സീസണില്‍ ചെന്നൈയിന്‍ എഫ്‌സി-മുംബൈ എഫ്‌സി മത്സരം ഗോൾ രഹിത സമനിലയില്‍ പിരിഞ്ഞു. ചെന്നൈ ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകൾക്കും നിരവധി ഗോൾ അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും വലയില്‍ എത്തിക്കാനായില്ല.
ചെന്നൈയിന്‍-മുംബൈ മത്സരം ഗോൾ രഹിത സമനിലയില്‍
ഇരു ടീമുകൾക്കും നിരവധി ഗോൾ അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും വലയിലെത്തിക്കാനായില്ല
മത്സരത്തിന്‍റെ എക്സ്‌ട്രാ ടൈമില്‍ മുംബൈയുടെ സൗവിക് ചക്രവർത്തി ചുവപ്പ് കാർഡ് കണ്ട് പുറത്തായി. രണ്ട് തവണ മഞ്ഞ കാർഡ് കിട്ടിയതാണ് സൗവിക്കിന് വിനയായത്. സൗവിക്ക് ഉൾപ്പെടെ മുംബൈയുടെ അഞ്ച് താരങ്ങൾക്കാണ് മഞ്ഞ കാർഡ് കിട്ടിയത്. സ്വന്തം തട്ടകത്തില്‍ കൈമെയ് മറന്ന് കളിച്ച് ചെന്നൈയിന്‍ എഫ്‌സിയും എതിരാളികളായ മുംബൈ എഫ്‌സിയും മികച്ച കളിയാണ് പുറത്തെടുത്തത്. കഴിഞ്ഞ മത്സരത്തില്‍ ഗോവയോട് തോറ്റതിന്‍റെ ക്ഷീണം മാറ്റാനാണ് പരിശീലകന്‍ ജോണ്‍ ഗ്രിഗറിയുടെ ചെന്നൈയിന്‍ ഇറങ്ങിയതെങ്കില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തതിന്‍റെ ആവേശത്തിലായിരുന്നു പരിശീലകന്‍ ജോർജ് കോസ്റ്റയുടെ നേതൃത്വത്തിലുള്ള മുംബൈ എഫ്സി.
ഒന്നാം പകുതിയില്‍ ഇരു ടീമുകളും ആക്രമണ ശൈലിയാണ് പുറത്തെടുത്തത്. ഇരു ടീമുകൾക്കും നിരവധി ഗോൾ അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും വലയിലെത്തിക്കാനായില്ല. ചെന്നൈയിനാണ് ആദ്യം മുംബൈയുടെ ബോക്സിലേക്ക് പന്തുമായി എത്തിയത്. അമരീന്ദറിന്‍റെ സേവുകളാണ് മുംബൈയുടെ ആയുസ് നീട്ടികൊടുത്തത്. മറുഭാഗത്ത് മുംബൈക്കും ഗോളടിക്കാന്‍ നിരവധി അവസരങ്ങൾ ലഭിച്ചു. മുന്നേറ്റനിരയില്‍ സെർജി കെവിനും ടുണീഷ്യന്‍ താരം അമിനെ ചെർമിറ്റിക്കും കിട്ടിയ അവസരങ്ങൾ മുതലാക്കാന്‍ സാധിച്ചില്ല.