ലണ്ടന്‍; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ചെല്‍സി ഒന്നാമത്. ന്യൂകാസലിന് എതിരായ മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജയിച്ചാണ് നീലപ്പട ഒന്നാമത് എത്തിയത്. എവേ മത്സരത്തിലെ ആദ്യ പകുതിയില്‍ ഓണ്‍ ഗോളിലൂടെയാണ് ഫ്രാങ്ക് ലമ്പാര്‍ഡിന്‍റെ ശിഷ്യന്‍മാര്‍ അക്കൗണ്ട് തുറന്നത്. ചെല്‍സിക്കായി രണ്ടാം പകുതിയിലെ 65ാം മിനിട്ടില്‍ ടാമി അബ്രഹാമും ന്യൂകാസലിന്‍റെ വല കുലുക്കി. വിവിധ ടൂര്‍ണമെന്‍റുകളിലായി തുടര്‍ച്ചയായി ആറാമത്തെ മത്സരത്തിലാണ് ചെല്‍സി പരാജയം അറിയാതെ മുന്നേറുന്നത്.
പ്രീമിയര്‍ ലീഗില്‍ തുടര്‍ ജയങ്ങളുമായി ചെല്‍സി - chelsea win news
മറുപടിയില്ലാത്ത രണ്ട് ഗോളിന് ന്യൂകാസല്‍ യുണൈറ്റഡിനെ നീലപ്പട പരാജയപ്പെടുത്തി. തുടര്‍ച്ചയായി ആറാം മത്സരത്തിലും ചെല്‍സി പരാജയം അറിയാതെ മുന്നേറുകയാണ്
ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഒമ്പത് മത്സരങ്ങളില്‍ അഞ്ച് ജയവും മൂന്ന് സമനിലയും സ്വന്തമാക്കിയ ചെല്‍സി ഒരു പരാജയവും വഴങ്ങി. 18 പോയിന്‍റാണ് ഒന്നാം സ്ഥാനത്തുള്ള ചെല്‍സിക്കുള്ളത്. ഗോള്‍ ശരാശരിയിലെ മുന്‍തൂക്കമാണ് ചെല്‍സിക്ക് ഗുണമായത്. രണ്ടാം സ്ഥാനത്തുള്ള ലെസ്റ്റര്‍ സിറ്റിക്കും 18 പോയിന്‍റാണുള്ളത്.
ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ മത്സരത്തിന്‍റെ ഭാഗമായി ഈ മാസം 24ന് നടക്കുന്ന അടുത്ത പോരാട്ടത്തില്‍ ചെല്‍സിയും റെന്നെസും നേര്‍ക്കുനേര്‍ വരും. ലീഗില്‍ ശനിയാഴ്‌ച നടക്കുന്ന മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ടോട്ടന്‍ഹാമും നേര്‍ക്കുനേര്‍ വരും.