കേരളം

kerala

ETV Bharat / sports

ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാർട്ടർ; റയലിനും യുവന്‍റസിനും തിരിച്ചടി - Real news

ചാമ്പ്യന്‍സ് ലീഗിലെ ആദ്യപാദ പ്രീ ക്വാർട്ടർ മത്സരത്തില്‍ റയല്‍ മാഡ്രിഡ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയോട് പരാജയപ്പെട്ടു

ചാമ്പ്യന്‍സ് ലീഗ് വാർത്ത  റയല്‍ വാർത്ത  യുവന്‍റസ് വാർത്ത  Champions League news  Real news  Juventus news
ചാമ്പ്യന്‍സ് ലീഗ്

By

Published : Feb 27, 2020, 2:11 PM IST

ടൂറിന്‍: ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാർട്ടറില്‍ വീണ്ടും അട്ടമറി. വമ്പന്‍ ടീമുകളായ യുവന്‍റസും റയല്‍ മാഡ്രിഡിനും തോല്‍വി. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയല്‍ മാഡ്രിഡ് പരാജയപ്പെട്ടത്. റയലിന്‍റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയില്‍ 60-ാം മിനിട്ടില്‍ സ്പാനിഷ് സൂപ്പർ താരം ഇസ്കോയിലൂടെ റയലാണ് ആദ്യ ഗോൾ സ്വന്തമാക്കിയത്. 78-ാം മിനിട്ടില്‍ മുന്നേറ്റ താരം ഗബ്രിയേല്‍ ജീസസിലൂടെ മാഞ്ചസ്റ്റർ സിറ്റി സമനില പിടിച്ചു. അഞ്ച് മിനിട്ടിന് ശേഷം 83-ാം മിനിട്ടില്‍ കെവിന്‍ ഡി ബ്രൂണിയിയുടെ പെനാല്‍ട്ടിയിലൂടെ സിറ്റി വിജയ ഗോൾ നേടി. 86-ാം മിനിട്ടില്‍ സെർജിയോ റാമോസ് ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയതിനെ തുടർന്ന് 10 പേരുമായാണ് റയല്‍ മത്സരം പൂർത്തിയാക്കിയത്. ലീഗില്‍ ഇരു ടീമുകളും തമ്മിലുള്ള രണ്ടാം പാദ പ്രീക്വാർട്ടർ മത്സരം മാർച്ച് 18-ന് മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദ് സ്റ്റേഡിയത്തില്‍ നടക്കും.

അതേസമയം ചാമ്പ്യന്‍സ് ലീഗിലെ ഈ സീസണിലെ ആദ്യ തോല്‍വിയാണ് യുവന്‍റസിനുണ്ടായത്. പ്രീ ക്വാർട്ടർ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ഫ്രഞ്ച് ക്ലബ് ലിയോണിനോടാണ് യുവന്‍റസ് പരാജയപ്പെട്ടത്. 31-ാം മിനിട്ടില്‍ മധ്യനിര താരം ലൂക്കാസ് ട്രൗസർട്ടിലൂടെയാണ് യുവന്‍റസ് വിജയ ഗോൾ സ്വന്തമാക്കിയത്.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെ പരിശ്രമിച്ചിട്ടും ഗോൾ മടക്കാനായില്ല. ഗോൾ നേടിയ ശേഷം ലിയോണ്‍ പ്രതിരോധം ശക്തമാക്കി. ഇതിനെ മറികടക്കാന്‍ ക്രിസ്റ്റ്യാനോയുടെ നേതൃത്വത്തിലുള്ള യുവന്‍റസിന്‍റെ മുന്നേറ്റ നിരക്ക് സാധിച്ചില്ല. ലീഗില്‍ ഇരു ടീമകളും തമ്മിലുള്ള രണ്ടാം പാദ പ്രീ ക്വാർട്ടർ മത്സരം യുവന്‍റസിന്‍റെ ഹോം ഗ്രൗണ്ടായ അലിയന്‍സ് സ്റ്റേഡിയത്തില്‍ നടക്കും. ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ജയിച്ച് മുന്നേറാമെന്ന പ്രതീക്ഷയിലാണ് ക്രിസ്റ്റ്യാനോയും കൂട്ടരും.

ABOUT THE AUTHOR

...view details