ബുര്‍ഗസ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഫ്രഞ്ച് ക്ലബ് പിഎസ്‌ജി കുപ്പായത്തിലുള്ള ലയണല്‍ മെസിയുടെ അരങ്ങേറ്റം പാളി. ബെൽജിയം ചാമ്പ്യന്മാരായ ക്ലബ് ബ്രൂഗ് പിഎസ്‌ജിയെ സമനിലയിൽ തളച്ചു. ഗ്രൂപ്പ് എയിലെ മത്സരത്തില്‍ ഓരോ ഗോളുകള്‍ വീതം നേടിയാണ് ഇരു സംഘവും സമനിലയില്‍ പിരിഞ്ഞത്.
താരതമ്യന ദുര്‍ബലരായ ക്ലബ് ബ്രൂഗിനെതിരെ സൂപ്പര്‍ താരങ്ങളായ മെസി, നെയ്മര്‍, എംബാപ്പെ ത്രയത്തെ ആദ്യ ഇലവനില്‍ തന്നെ കോച്ച് പോച്ചെറ്റിനോ ഉള്‍പ്പെടുത്തിയിരുന്നു. മെസിയേയും നെയ്മറേയും വിങ്ങുകളില്‍ വിന്യസിച്ച് എംബാപ്പെയെ സെന്‍റര്‍ഫോര്‍വേഡാക്കിയാണ് പിഎസ്‌ജി കളത്തിലിറങ്ങിയത്.
മത്സരത്തില്‍ ആന്‍ഡര്‍ ഹെരേരയിലൂടെ പിഎസ്‌ജിയാണ് ആദ്യം മുന്നിലെത്തിയത്. 15ാം മിനുട്ടില്‍ എംബാപ്പെയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്. എന്നാല്‍ 27ാം മിനുട്ടില്‍ ക്യാപ്റ്റന്‍ ഹാന്‍സ് വാന്‍കിനിലൂടെ ക്ലബ് ബ്രൂഗ് ഗോള്‍ മടക്കി.
ഇതിനിടെ 50ാം മിനുട്ടില്‍ പരിക്കിനെ തുടര്‍ന്ന് എംബാപ്പെയ്‌ക്ക് തിരിച്ച് കയറേണ്ടിയും വന്നു. മത്സരത്തിന്‍റെ 64 ശതമാനവും പന്ത് കൈവശം വെച്ച് ആധിപത്യം പുലര്‍ത്താന്‍ പിഎസ്‌ജിക്കായെങ്കിലും ഓണ്‍ ലക്ഷ്യത്തിലേക്ക് നാല് ഷോട്ടുകള്‍ മാത്രമാണ് ഉതിര്‍ക്കാനായത്. അതേസമയം ഏഴ് ഷോട്ടുകളുതിര്‍ക്കാന്‍ ബെല്‍ജിയം ക്ലബിനായി.