ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളിൽ നിന്ന് പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റർ സിറ്റിയെ വിലക്കി. അടുത്ത രണ്ട് സീസണുകളിൽ നിന്നാണ് സിറ്റിയെ വിലക്കിയത്. സാമ്പത്തിക നിയന്തണങ്ങളുടെ ഗുരുതര ലംഘനങ്ങളും ക്ലബ് ചട്ടങ്ങളുടെ ഗുരുതര പിഴവുമാണ് വിലക്കിന് കാരണമായത്. യുവേഫയുടെ സ്വതന്ത്ര ധനകാര്യ നിയന്ത്രണ സമിതി വെള്ളിയാഴ്‌ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മാഞ്ചസ്‌റ്റർ സിറ്റി ട്വീറ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചാമ്പ്യന്‍സ് ലീഗ്; മാഞ്ചസ്‌റ്റർ സിറ്റിക്ക് രണ്ട് സീസണില്‍ വിലക്ക്
സാമ്പത്തിക ക്രമക്കേടുകളെ തുടർന്നും ക്ലബ് ചട്ടങ്ങളുടെ വീഴ്ച്ച കാരണവുമാണ് യുവേഫ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 30 ദശലക്ഷം യൂറൊ പിഴയും വിധിച്ചിട്ടുണ്ട്
യുവേഫ ക്ലബിന് 30 ദശലക്ഷം യൂറൊ പിഴ ശിക്ഷയും വിധിച്ചു. 234.4 കോടി രൂപയോളം വരും ഈ തുക. സിറ്റിക്ക് കടുത്ത പ്രത്യാഘാതമുണ്ടാക്കുന്ന തീരുമാനമാണ് യുവേഫയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. സൂപ്പർ താരങ്ങളുമായി കരാർ ഒപ്പിടുന്നത് അടക്കമുള്ള വിഷയങ്ങളില്‍ വിലക്ക് മോശം പ്രതികരണമുണ്ടാക്കും. അതേസമയം ഈ സീസണില്‍ തുടർന്നും സിറ്റിക്ക് കളിക്കുന്നതിന് വിലക്ക് തടസമാകില്ല. നിലവിൽ ലീഗില്‍ പ്രീക്വാർട്ടർ യോഗ്യത നേടിയ മാഞ്ചസ്റ്റർ സിറ്റി ഫെബ്രുവരി 26ന് റെയല്‍ മാഡ്രിഡിനെ നേരിടും.
അതേസമയം യുവേഫ തീരുമാനത്തിനെതിരെ രാജ്യാന്തര തർക്ക പരിഹാര കോടതിയെ സമീപിക്കുമെന്ന് സിറ്റി അധികൃതർ വ്യക്തമാക്കി. യുണൈറ്റഡ് ഗ്രൂപ്പ് ഉടമകളായിട്ടുള്ള ക്ലബ് കണക്കുകളിൽ കൃത്രിമം കാട്ടിയെന്നാണ് ആരോപണം. യുവേഫയുടെ ക്ലബ് ലൈസെന്‍സിങ്ങിലും ഫിനാന്‍ഷ്യല്‍ ഫെയർ പ്ലേ റഗുലേഷനിലും 2012-2016 കാലഘട്ടത്തില്‍ ക്ലബ് വീഴ്‌ച്ച വരുത്തിയതായാണ് അന്വേഷണ സമിതി കണ്ടെത്തിയത്.