ഇസ്‌താംബുള്‍: യൂറോപ്പിലെ കരുത്തരെ കണ്ടെത്താനുള്ള ചാമ്പ്യന്‍സ് ലീഗ് പോരാട്ട വേദികള്‍ കാണികള്‍ക്കായി യുവേഫ തുറന്നുകൊടുക്കുന്നു. മെയ് 29ന് ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്ന ഇസ്‌താംബുള്ളിലെ ആറ്റടര്‍ക്ക് ഒളിമ്പിക് സ്റ്റേഡിയത്തിലാണ് ഫൈനല്‍. കൈമാറ്റം ചെയ്യാന്‍ സാധിക്കാത്ത ഇ ടിക്കറ്റുകളാകും ഇതിനായി യുവേഫ ഉപയോഗിക്കുക. 75,415 പേര്‍ക്ക് ഒരേ സമയം മത്സരം കാണാനുള്ള സൗകര്യം ഇവിടെയുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയാകും പ്രവേശനം. ചുരുങ്ങിയത് 9000 പേര്‍ക്ക് അവസരം ലഭിച്ചേക്കും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ടര്‍ക്കിഷ് ഗവണ്‍മെന്‍റിന്‍റെ ഭാഗത്ത് നിന്നാണുണ്ടാകേണ്ടത്. സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുവേഫ. ഫൈനലില്‍ ഏറ്റുമുട്ടുന്ന ടീമുകളുടെയും ആരാധകര്‍ക്കാകും ടിക്കറ്റുകള്‍ ലഭിക്കുക.
സമാന രീതിയില്‍ ക്വാര്‍ട്ടര്‍, സെമി ഫൈനല്‍ മത്സര വേദികളിലേക്കും കാണികളെ അനുവദിച്ചേക്കും. ഇരു പാദങ്ങളിലായി നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഏപ്രില്‍ ഏഴിന് ആരംഭിക്കും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂള്‍ ലാലിഗയിലെ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിനെ നേരിടുമ്പോള്‍ പ്രീമിയര്‍ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയും ജര്‍മന്‍ ബുണ്ടസ് ലീഗയിലെ ബൊറൂസിയ ഡോര്‍ട്ട്മുണ്ടും നേര്‍ക്കുനേര്‍ വരും.