മ്യൂണിക്ക് : യുവേഫ ചാമ്പ്യൻസ് ലീഗിൽ ബെൻഫിക്കയെ തകർത്ത് ബയേണ്‍ മ്യൂണിക്കും, സെനിത് സെയ്‌ന്‍റ് പീറ്റേഴ്‌സ്‌ബർഗിനെ കീഴടക്കി യുവന്‍റസും നോക്കൗണ്ട് റൗണ്ടിൽ പ്രവേശിച്ചു. മറ്റ് മത്സരങ്ങളിൽ ചെൽസി എതിരില്ലാത്ത ഒരു ഗോളിന് മാൽമോയെ കീഴടക്കിയപ്പോൾ ബാഴ്‌സലോണ എതിരില്ലാത്ത ഒരു ഗോളിന് ഡൈനാമോ കീവിനെ പരാജയപ്പെടുത്തി. എന്നാൽ റൊണാൾഡോ ഇരട്ട ഗോൾ സ്വന്തമാക്കിയിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡിന് അത്‌ലാന്‍റക്കെതിരെ സമനില നേടാനേ സാധിച്ചുള്ളൂ.
ഗ്രൂപ്പ് ഇ യില്‍ ബെന്‍ഫിക്കയെ രണ്ടിനെതിരേ അഞ്ചുഗോളുകള്‍ക്ക് തകര്‍ത്താണ് ബയേണ്‍ മ്യൂണിക്ക് നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ചത്. സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ബയേണിനായി ഹാട്രിക്ക് നേടി. മത്സരത്തിന്‍റെ 26, 61, 84 മിനിട്ടുകളിലാണ് ലെവന്‍ഡോവ്‌സ്‌കിയുടെ ഗോൾ നേട്ടം.
കൂടാതെ സെര്‍ജിയോ നാബ്രി, ലിറോയ് സനെ എന്നിവരും ലക്ഷ്യം കണ്ടു. ബെന്‍ഫിക്കയ്ക്കായി മൊറോട്ടയും ഡാര്‍വിന്‍ ന്യൂനസും സ്‌കോര്‍ ചെയ്തു. ഇതോടെ ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളിലും വിജയിച്ച് ബയേണ്‍ നോക്കൗട്ട് ഉറപ്പിച്ചു.
നാലടിച്ച് യുവന്‍റസ്
ഗ്രൂപ്പ് എച്ചിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് യുവന്‍റസ് സെനിത് സെയ്‌ന്‍റ് പീറ്റേഴ്‌സ് ബർഗിനെ പരാജയപ്പെടുത്തിയത്. പൗലോ ഡിബാല ടീമിനായി ഇരട്ട ഗോൾ നേടി. ഫെഡറിക്കോ കിയേസ, ആൽവാരോ മൊറാട്ട എന്നിവരും ഗോൾ വല ചലിപ്പിച്ചു. സെനിതിനായി സാര്‍ദാര്‍ അസ്മൗന്‍ വലകുലുക്കിയപ്പോള്‍ ലിയോണാര്‍ഡോ ബൊന്നൂച്ചിയുടെ സെല്‍ഫ് ഗോൾ ടീമിന് സഹായകരമായി.
ALSO READ :ചാമ്പ്യൻസ് ലീഗ് : മെസിക്ക് പരിക്ക്,അടുത്ത മത്സരങ്ങൾ നഷ്‌ടമാകും
ഗ്രൂപ്പ് ഇ ലെ മറ്റൊരു മത്സരത്തിൽ സ്‌പാനിഷ് വമ്പൻമാരായ ബാഴ്‌സലോണ എതിരില്ലാത്ത ഒരു ഗോളിന് ഡൈനാമോ കീവിനെ പരാജയപ്പെടുത്തി. തോൽവികളാൽ നട്ടം തിരിയുന്ന ബാഴ്‌സലോണയ്ക്ക് ആശ്വാസം പകരുന്ന വിജയമായി ഇത് മാറി. അൻസു ഫാത്തിയാണ് ബാഴ്‌സയ്ക്കായി ഗോൾ നേടിയത്.
ഗ്രൂപ്പ് എച്ചിലെ മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെൽസി എതിരില്ലാത്ത ഒരു ഗോളിന് മാൽമോയെ തോൽപ്പിച്ചു. ഹക്കിം സിയെച്ചാണ് ടീമിന്‍റെ വിജയ ഗോൾ നേടിയത്. ചാമ്പ്യന്‍സ് ലീഗിലെ മറ്റ് മത്സരങ്ങളില്‍ ലില്ലെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സെവിയ്യയെ പരാജയപ്പെടുത്തിയപ്പോള്‍ വോള്‍വ്‌സ്ബര്‍ഗ് ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ആര്‍.ബി.സാല്‍സ്ബര്‍ഗിനെ അട്ടിമറിച്ചു.