ലണ്ടന്‍:സാമൂഹ്യമാധ്യമത്തില്‍ ഫ്രഞ്ച് സൂപ്പര്‍ ഫോര്‍വേഡ് കിലിയന്‍ എംബാപ്പെയും ഇംഗ്ലീഷ് ഫോര്‍വേഡ് ഫില്‍ ഫോഡനും തമ്മിലുള്ള പോരാട്ടം മുറുകുകയാണ്. യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി സെമിയില്‍ പ്രവേശിച്ചതിന് പിന്നാലെ ഫോഡന്‍റെ പേരില്‍ പുറത്തുവന്ന ട്വീറ്റാണ് എംബാപ്പെ ആരാധകരെ അരിശം പിടിപ്പിച്ചത്. എംബാപ്പെ നിങ്ങള്‍ റെഡിയാണോ എന്നായിരുന്നു ഫോഡന്‍റെ പേരില്‍ പ്രചരിച്ച ട്വീറ്റ്. ഫോഡനുമായി അടുത്ത വൃത്തങ്ങള്‍ സംഭവത്തില്‍ അതൃപ്‌തരാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഫോഡന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും അനുമതിയില്ലാതെയാണ് ട്വീറ്റ് ചെയ്‌തതെന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.
ഫോഡന്‍ പറഞ്ഞിട്ടാണോ ട്വീറ്റ് പിന്‍വലിച്ചത് എന്നത് ഉള്‍പ്പെടെയുള്ള ചോദ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി അധികൃതര്‍ക്ക് ഈ തീരുമാനത്തിന് പിന്നല്‍ പങ്കുണ്ടോ എന്ന ചോദ്യവും ഉയരുന്നു. ഏതായാലും സംഭവങ്ങളോട് പ്രതികരിക്കേണ്ട എന്ന തീരുമാനത്തിലാണ് ഫോഡനും അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങളും.
ചാമ്പ്യന്‍സ് ലീഗില്‍ ഇന്നലെ പുലര്‍ച്ചെ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സിറ്റി ജര്‍മന്‍ കരുത്തരായ ഡോര്‍ട്ട്‌മുണ്ടിനെ പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയില്‍ ഫോഡനാണ് സിറ്റിക്കായ വിജയ ഗോള്‍ സ്വന്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഫോഡന്‍റെ പേരിലുള്ള ട്വീറ്റ്. 2015-16 സീസണിന് ശേഷം ആദ്യമായാണ് മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍സ് ലീഗിന്‍റെ സെമി ബെര്‍ത്ത് ഉറപ്പാക്കുന്നത്.