വിഗോ: കിരീടനേട്ടത്തിന് പിന്നാലെ ലാലിഗയില്‍ ബാഴ്സലോണയ്ക്ക് തോല്‍വി. ലീഗില്‍ 14ാം സ്ഥാനത്തുള്ള സെല്‍റ്റ വിഗോയാണ് ബാഴ്സലോണയെ കീഴടക്കിയത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു സെല്‍റ്റ വിഗോയുടെ ജയം.
ലാലിഗയില്‍ ബാഴ്സയെ കീഴടക്കി സെല്‍റ്റ വിഗോ - സെല്‍റ്റ വിഗോ
പ്രമുഖ താരങ്ങളില്ലാതെ ഇറങ്ങിയ മത്സരത്തില്‍ ബാഴ്സലോണയെ തോല്‍പ്പിച്ച് സെല്‍റ്റ വിഗോ
ചാമ്പ്യൻസ് ലീഗ് മത്സരം മുന്നില്‍ കണ്ട് പ്രമുഖ താരങ്ങൾക്കെല്ലാം വിശ്രമം നല്‍കിയാണ് ബാഴ്സലോണ ഇറങ്ങിയത്. ലയണല്‍ മെസി, ജെറാഡ് പിക്വെ, ലൂയിസ് സുവാരസ്, ടെർ സ്റ്റേഗൻ, ബുസ്കെറ്റ്സ്, ജോർഡി ആല്‍ബ എന്നിവരൊന്നും ലൈനപ്പിലുണ്ടായിരുന്നില്ല. മാക്സ് ഗോമസും ഇയാഗോ ആസ്പാസുമാണ് സെല്‍റ്റ വിഗോയുടെ ഗോളുകൾ നേടിയത്. ഇതിന് പിന്നാലെ ഒസ്മാൻ ഡെംബലെയ്ക്ക് പരിക്കേറ്റത് ബാഴ്സയ്ക്ക് വൻ തിരിച്ചടിയായി. ഒരു മാസത്തോളം പരിക്ക് കാരണം പുറത്തിരുന്ന ഡെംബലെ കഴിഞ്ഞ ആഴ്ച മാത്രമാണ് ടീമില്‍ തിരികെയെത്തിയത്. ഇതോടെ അടുത്ത ആഴ്ച ലിവർപൂളിനെതിരെ നടക്കുന്ന രണ്ടാം പാദ സെമിപോരാട്ടം താരത്തിന് നഷ്ടമാകും.
വാല്വെർഡെ പരിശീലകനായ ശേഷം ബാഴ്സലോണ തോല്‍ക്കുന്ന നാലാം ലീഗ് മത്സരം മാത്രമാണിത്. 74 ലീഗ് മത്സരങ്ങളില്‍ നിന്നാണ് ബാഴ്സ ഈ നാല് പരാജയങ്ങൾ വഴങ്ങിയത്. 36 മത്സരങ്ങളില്‍ നിന്ന് 83 പോയിന്‍റ് നേടിയാണ് ബാഴ്സലോണ കിരീടം സ്വന്തമാക്കിയത്.