സ്പാനിഷ് ഫുട്ബോൾ ഇതിഹാസം ഇകർ കസിയസിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഇന്നലെ ഫുട്ബോൾ ആരാധകർ ഞെട്ടലോടെയാണ് അറിഞ്ഞത്. ഇപ്പോൾ ആരാധകർക്ക് ആശ്വാസം പകരുന്ന വാർത്തയാണ് പോർച്ചുഗലില്‍ നിന്നുമെത്തിയിരിക്കുന്നത്. തന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് താരം തന്നെ വ്യക്തമാക്കി.
കസിയസിന്‍റെ ആരോഗ്യനില തൃപ്തികരം - പോർട്ടോ
ഇന്നലെ നടന്ന പരിശീലനത്തിനിടെയാണ് കസിയസിന് ഹൃദയാഘാതം അനുഭവപ്പെട്ടത്
ട്വിറ്ററിലൂടെയാണ് കസിയസ് തന്‍റെ ആരോഗ്യനിലയെ കുറിച്ച് വ്യക്തമാക്കിയത്. സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്നും തനിക്ക് തന്ന സ്നേഹത്തിന് ആരാധകരോടും ഫുട്ബോൾ ലോകത്തോടും നന്ദി പറയുന്നു എന്നും താരം പറഞ്ഞു. 37 വയസുകാരനായ കസിയസ് നിലവില്‍ പോർച്ചുഗീസ് ക്ലബായ എഫ് സി പോർട്ടോയുടെ താരമാണ്. പരിശീലകൻ സെർജിയോ കൊൺസീകാവോയുടെ നേതൃത്വത്തില്‍ നടന്ന പരിശീലനത്തിനിടെയാണ് കസിയസിന് ഹൃദയാഘാതം അനുഭവപ്പെട്ടത്.
2010 ലോകകപ്പ് സ്പെയിൻ നേടിയപ്പോൾ സ്പാനിഷ് ടീമിന്‍റെ നായകനും ഗോൾ കീപ്പറുമായിരുന്നു കസിയസ്. താരത്തിന്‍റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചെങ്കിലും സീസണില്‍ ബാക്കിയുള്ള മത്സരങ്ങളില്‍ കസിയസ് കളിച്ചേക്കില്ലെന്ന് ക്ലബ് സ്ഥിരീകരിച്ചു.