മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ നിലവിലെ ചാമ്പ്യനായ ബയേണ്‍ മ്യൂണിക്കിനെ ഒരിക്കല്‍ കൂടി ഞെട്ടിച്ച് യൂണിയന്‍ ബെര്‍ലിന്‍. ബയേണിനെ സീസണിലെ രണ്ടാം പാദ മത്സരത്തിലും യൂണിയന്‍ ബെര്‍ലിന്‍ സമനിലയില്‍ തളച്ചു. ബയേണ്‍ മ്യൂണിക്കിന്‍റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് പിരിഞ്ഞു. പോളിഷ് സൂപ്പര്‍ ഫോര്‍വേഡ് റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയില്ലാതെ ഇറങ്ങിയ ബയേണിന് വേണ്ടി ജര്‍മന്‍ വിങ്ങര്‍ മുസിയാളയാണ് വല കുലുക്കിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ അഞ്ച് മിനിട്ട് മാത്രം ശേഷിക്കെ മാര്‍ക്കസ് ഇന്‍വാഗസ്റ്റണിലൂടെ യൂണിയന്‍ ബെര്‍ലിന്‍ സമനില പിടിച്ചു.
നേരത്തെ കഴിഞ്ഞ ഡിസംബര്‍ 12ന് നടന്ന ആദ്യപാദ മത്സരത്തിലാണ് ഹാന്‍സ് ഫ്ലിക്കിന്‍റെ ശിഷ്യന്‍മാരെ യൂണിയന്‍ ബെര്‍ലിന്‍ ഇതിനുമുമ്പ് സമനിലയില്‍ തളച്ചത്. ആദ്യപാദ പോരാട്ടത്തിലും ഇരു ടീമുകള്‍ക്കും ഓരോ ഗോള്‍ വീതമേ കണ്ടെത്താനായിരുന്നുള്ളൂ.
ലീഗിലെ ഈ സീസണിലും ടേബിള്‍ ടോപ്പറായി തുടരുകയാണ് ബയേണ്‍. 65 പോയിന്‍റുള്ള ബയേണിന് അഞ്ച് പോയിന്‍റിന്‍റെ മുന്‍തൂക്കമാണുള്ളത്. 28 മത്സരങ്ങളില്‍ നിന്നും 20 ജയവും അഞ്ച് സമനിലയും ഉള്‍പ്പെടെയാണ് ചാമ്പ്യന്‍മാരുടെ കുതിപ്പ്. ഇത്രയും മത്സരങ്ങളില്‍ നിന്നും 40 പോയിന്‍റുള്ള യൂണിയന്‍ ബെര്‍ലിന്‍ ഏഴാം സ്ഥാനത്താണ്.
ബയേണിന് മുന്നില്‍ ക്വാര്‍ട്ടര്‍ കടമ്പ
ചാമ്പ്യന്‍സ് ലീഗിലെ രണ്ടാംപാദ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടമാണ് ബയേണ്‍ മ്യൂണിക്കിന് മുന്നില്‍ ഇനിയുള്ളത്. വരുന്ന ബുധനാഴ്‌ചയാണ് മത്സരം. ചാമ്പ്യന്‍സ് ലീഗിലെ നിലവിലെ ചാമ്പ്യന്‍മാരായ ബയേണിന് കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പായ പിഎസ്‌ജിയാണ് ക്വാര്‍ട്ടറില്‍ എതിരാളികള്‍. നേരത്തെ ആദ്യ പാദ ക്വാര്‍ട്ടറില്‍ ബയേണിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പിഎസ്‌ജി പരാജയപ്പെടുത്തിയത്. അതിനാല്‍ തന്നെ സെമി ബെര്‍ത്ത് ഉറപ്പിക്കാന്‍ രണ്ടാം പാദത്തില്‍ ഹാന്‍സ് ഫ്ലിക്കിന്‍റെ ശിഷ്യന്‍മാര്‍ക്ക് ജയം അനിവാര്യമാണ്. മറുഭാഗത്ത് പൊച്ചെറ്റീന്യോയുടെ നേതൃത്വത്തിലുള്ള പിഎസ്‌ജിക്ക് സെമി പ്രവേശനത്തിനായി സമനില മാത്രം മതി.