ലണ്ടന്‍:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി വീണ്ടും വിജയ വഴിയില്‍. മിഡ്‌ഫീല്‍ഡര്‍ മേസണ്‍ മൗണ്ടിന്‍റെ ഗോളില്‍ നീലപ്പട ഫുള്‍ഹാമിനെ പരാജയപ്പെടുത്തി. ഗോള്‍ രഹിതമായി അവസാനിച്ച ആദ്യ പകുതിയില്‍ വിങ്ങര്‍ ആന്‍റണി റോബിന്‍സണ്‍ ചുവപ്പ് കാര്‍ഡ് ലഭിച്ച് പുറത്തായത് ഫുള്‍ഹാമിന് തിരിച്ചടിയായി. തുടര്‍ന്ന് 10 പേരുമായാണ് ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരം ഫുള്‍ഹാം പൂര്‍ത്തിയാക്കിയത്.
രണ്ടാം പകുതിയിലായിരുന്നു ഇംഗ്ലീഷ് മിഡ്‌ഫീല്‍ഡര്‍ മേസണ്‍ മൗണ്ട് നീലപ്പടക്കായി വിജയ ഗോള്‍ സ്വന്തമാക്കിയത്. അല്‍ഫോണ്‍സ് അരിയോള ബോക്‌സിനുള്ളില്‍ വെച്ച് നല്‍കിയ പാസ് മാര്‍ക്ക് ചെയ്യപ്പെടാതെ നില്‍ക്കുകയായിരുന്ന മൗണ്ട് നിമിഷാര്‍ദ്ധത്തില്‍ വയലിലെത്തിച്ചു. പത്ത് പേരായി ചുരുങ്ങിയ ഫുള്‍ഹാമിന് പിന്നീട് ശക്തമായ മുന്നേറ്റം നടത്താന്‍ സാധിച്ചില്ല.
ആദ്യവസാനം അക്രിമിച്ച് കളിച്ച ചെല്‍സി 21 ഷോട്ടുകള്‍ ഉതിര്‍ത്തപ്പോള്‍ ഫുള്‍ഹാമിന് 10 ഷോട്ടുകളെ തൊടുക്കാന്‍ സാധിച്ചുള്ളൂ. ഗോളവസരങ്ങളുടെ കാര്യത്തിലും പന്തടക്കത്തിന്‍റ കാര്യത്തിലും മുന്നില്‍ നിന്ന ചെല്‍സി മത്സരത്തില്‍ ഉടനീളം ആധിപത്യം പുലര്‍ത്തി. ജയത്തോടെ ചെല്‍സി ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്കുയര്‍ന്നു. 18 മത്സരങ്ങളില്‍ നിന്നും 29 പോയിന്‍റാണ് ചെല്‍സിക്കുള്ളത്. 17 മത്സരങ്ങളില്‍ നിന്നും 12 പോയിന്‍റ് മാത്രമുള്ള ഫുള്‍ഹാം പട്ടികയില്‍ 18ാം സ്ഥാനത്താണ്.
ലീഗില്‍ ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ വോള്‍വ്‌സിനെതിരെ വെസ്റ്റ് ബ്രോം രണ്ടിനെതിരെ മൂന്ന് ഗോളുകളുടെ ജയം സ്വന്തമാക്കി. മാത്യുസ് പെരേരയുടെ ഇരട്ടഗോളിലായിരുന്നു വെസ്റ്റ് ബ്രോമിന്‍റെ ജയം. സെമി അജയും വെസ്റ്റ് ബ്രോമിനായി വല കുലുക്കി. ആദ്യ പകുതിയില്‍ ഫാബിനോ സില്‍വ, വില്ലി ബോളി എന്നിവര്‍ വോള്‍വ്സിന് വേണ്ടിയും ഗോള്‍ സ്വന്തമാക്കി.
വേസ്റ്റ് ഹാം മിച്ചെല്‍ ആന്‍റണിയുടെ ഗോളില്‍ ബേണ്‍ലിയെ പരാജയപ്പെടുത്തി. ആദ്യ പകുതിയുടെ ഒമ്പതാം മിനിട്ടില്‍ ആന്‍റണി വല കുലുക്കിയ ശേഷം ഗോള്‍ മടക്കാന്‍ ബേണ്‍ലിക്കായില്ല. നീല്‍ മാനുപെയുടെ കരുത്തില്‍ സമാന ജയം ബ്രൈറ്റണും സ്വന്തമാക്കി. ആദ്യ പകുതിയുടെ 17ാം മിനിട്ടിലാണ് ലീഡ്‌സ് യുണൈറ്റഡിനെതിരെ മാനുപെ വിജയ ഗോള്‍ നേടിയത്.