ലണ്ടന്‍:സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജില്‍ ഇനി തോമസ് ട്യുഷല്‍ കളി പഠിപ്പിക്കും. ടീമിന്‍റെ മോശം പ്രകടനത്തെ തുടര്‍ന്ന് പുറത്താക്കിയ ഇംഗ്ലീഷ് പരിശീലകന്‍ ഫ്രാങ്ക് ലമ്പാര്‍ഡിന് പകരക്കാരനായാണ് ട്യുഷല്‍ ചെല്‍സിയുടെ പരിശീലകനാകുന്നത്. 18 മാസത്തേക്കാണ് നിലവിലെ കരാര്‍. ഇത് പിന്നീട് ദീര്‍ഘിപ്പിക്കാനും സാധിക്കും. ചെല്‍സിയെ കളി പഠിപ്പിക്കാന്‍ എത്തുന്ന ആദ്യത്തെ ജര്‍മന്‍ പരിശീലകനാണെന്ന പ്രത്യേകതയും ട്യുഷലിനുണ്ട്.
സീസണില്‍ നേരത്തെ ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്‌ജി പുറത്താക്കിയതിനെ തുടര്‍ന്നാണ് ട്യുഷലിന്‍റെ സേവനം ചെല്‍സിക്ക് ലഭിച്ചത്. ട്യുഷലിന് പകരം അര്‍ജന്‍റീനന്‍ പരിശീലകന്‍ മൗറീഷ്യോ പൊച്ചെറ്റീനോയാണ് നിലിവല്‍ പിഎസ്‌ജിയെ കളി പഠിപ്പിക്കുന്നത്.
കൂടുതല്‍ വായനക്ക്: പിഎസ്‌ജിയെ പൊച്ചെറ്റീനോ കളി പഠിപ്പിക്കും
പിഎസ്‌ജിക്ക് ഫ്രഞ്ച് ലീഗ് കിരീടവും ചാമ്പ്യന്‍സ് ലീഗിലെ റണ്ണറപ്പ് സ്ഥാനവും ട്യുഷല്‍ നേടിക്കൊടുത്തിരുന്നു. നേരത്തെ ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ മൈന്‍സിനെ പരിശീലിപ്പിച്ചായിരുന്നു ട്യുഷലിന്‍റെ കോച്ചിങ് കരിയറിന് തുടക്കമാകുന്നത്. പിന്നീട് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്‍റെ പരിശീലകനായി. ഡോര്‍ട്ട്മുണ്ടിനായി ജര്‍മന്‍ കപ്പ് നേടിക്കൊടുക്കാനും അദ്ദേഹത്തിന് സാധിച്ചു.
കൂടുതല്‍ വായനക്ക്: തോറ്റ് മതിയായി: ലമ്പാർഡ് പുറത്ത്, ചെല്‍സിയെ ജയിപ്പിക്കാൻ തോമസ് ടുഷല്‍ വരും
പരിശീലകനെന്ന നിലയിലും താരമെന്ന നിലയിലും ഫ്രാങ്ക് ലമ്പാര്‍ഡ് ചെല്‍സിക്ക് നല്‍കിയ സേവനങ്ങളെ താന്‍ മാനിക്കുന്നതായി ട്യുഷല്‍ പരിശീലക ചുമതല ഏറ്റെടുത്ത ശേഷം വ്യക്തമാക്കി. തന്നില്‍ വിശ്വാസം അര്‍പ്പിച്ച ചെല്‍സിയോട് നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണ്‍ പകുതി പിന്നിടുമ്പോഴാണ് ട്യുഷല്‍ സ്റ്റാം ഫോര്‍ഡ് ബ്രിഡ്‌ജില്‍ എത്തുന്നത്.
വലിയ വെല്ലുവിളികളാണ് നീലപ്പടക്കൊപ്പം ട്യുഷലിനെ കാത്തിരിക്കുന്നത്. ലീഗില്‍ ഒത്തിണക്കമില്ലാതെ കളിക്കുന്ന ചെല്‍സി പോയിന്‍റ് പട്ടികയില്‍ 10ാം സ്ഥാനത്താണ്. 19 മത്സരങ്ങളില്‍ നിന്നും എട്ട് ജയവും അഞ്ച് സമനിലയും ഉള്‍പ്പെടെ 29 പോയിന്‍റ് മാത്രമാണ് ചെല്‍സിക്കുള്ളത്. രണ്ടാം പകുതിയില്‍ കടുത്ത പോരാട്ടം നേരിടേണ്ടി വരുമെന്നതിനാല്‍ ആദ്യ നാലില്‍ ഉള്‍പ്പെടാന്‍ ചെല്‍സിക്ക് നന്നേ വിയര്‍ക്കേണ്ടിവരും. ആദ്യ നാലില്‍ ഉള്‍പ്പെട്ടാലെ ചാമ്പ്യന്‍സ് ലീഗ് യോഗ്യത സ്വന്തമാക്കാന്‍ സാധിക്കൂ.