പനാജി:ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് ദയനീയ തോല്‍വി. എഫ്‌സി ഗോവക്ക് എതിരായ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. ഗോവക്ക് വേണ്ടി മുന്നേറ്റ താരം ഇഗോര്‍ അംഗുലോ(30, 90+4) ഇരട്ട ഗോളുമായി തിളങ്ങിയപ്പോള്‍ ജോര്‍ജ് മെന്‍ഡോസ 52ാം മിനിട്ടിലും വല കുലുക്കി. നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിന്‍സെന്‍റോ ഗോമസിലൂടെ ബ്ലാസ്റ്റേഴ്‌സ് ആശ്വാസ ഗോള്‍ സ്വന്തമാക്കി.
ജയം കാണാതെ ബ്ലാസ്റ്റേഴ്‌സ്; ഗോവ തിളങ്ങി
ഐഎസ്‌എല്ലില്‍ ഏഴാം സീസണിലെ ആദ്യ ജയമാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന് എതിരെ എഫ്‌സി ഗോവ സ്വന്തമാക്കിയത്
രണ്ടാം പകുതിയില്‍ അധികസമയത്ത് പ്രതിരോധ താരം കോസ്റ്റ നമോയിനേഷു ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സ് 10 പേരുമായാണ് മത്സരം പൂര്‍ത്തിയാക്കിയത്. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ നാല് സ്ഥാനം മെച്ചപ്പെടുത്തിയ ഗോവ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. നാല് മത്സരങ്ങളില്‍ നിന്നും അഞ്ച് പോയിന്‍റാണ് ഗോവക്ക്. നാല് മത്സരങ്ങളില്‍ നിന്നും രണ്ട് പോയിന്‍റ് മാത്രമുള്ള ബ്ലാസ്റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്താണ്.
ഭൂരിഭാഗം സമയത്തും പന്ത് കൈവശം വെച്ച ഗോവ 17 തവണ ബ്ലാസ്റ്റേഴ്‌സിന്‍റെ ഗോള്‍ മുഖത്തേക്ക് ഷോട്ടുകള്‍ ഉതിര്‍ത്തപ്പോള്‍ ഒമ്പത് തവണ മാത്രമെ ബ്ലാസ്റ്റേഴ്‌സിന് ഷോട്ടുകള്‍ തൊടുക്കാന്‍ സാധിച്ചുള്ളു. ഗോവയുടെ ആറ് ഷോട്ടുകളും ബ്ലാസ്റ്റേഴ്‌സിന്‍റെ രണ്ട് ഷോട്ടുകളും മാത്രമെ ലക്ഷ്യത്തിന് അടുത്തേക്കെങ്കിലും എത്തിയുള്ളു.