കൊച്ചി:ഐഎസ്‌എല്ലില്‍ ഈ സീസണില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന അവസാന മത്സരത്തില്‍ ആശ്വാസജയം തേടി കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും. ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബെംഗളൂരു എഫ്‌സിയാണ് എതിരാളികൾ.
ഹോം ഗ്രൗണ്ടില്‍ ആശ്വാസ ജയം തേടി ബ്ലാസ്‌റ്റേഴ്‌സ്
സീസണില്‍ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന അവസാന മത്സരത്തില്‍ ബംഗളൂരുവിനെ പരാജയപ്പെടുത്തി ആരാധകരെ ത്രസിപ്പിക്കാനാകും ഓഗ്ബെച്ചെയുടെ നേതൃത്വത്തിലുള്ള ബ്ലാസ്‌റ്റേഴ്‌സിന്‍റെ ശ്രമം
16 മത്സരങ്ങളില്‍ മൂന്ന് ജയം മാത്രമുള്ള ബ്ലാസ്‌റ്റേഴ്‌സിന് നിലവില്‍ 15 പോയിന്‍റ് മാത്രമാണ് ഉള്ളത്. ലീഗിലെ ഇതിനകം പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ച ബ്ലാസ്‌റ്റേഴ്‌സിന് അടുത്ത മത്സരത്തില്‍ ഒഡീഷ എഫ്‌സിയാണ് എതിരാളികൾ. രാത്രി 7.30-ന് നടക്കുന്ന മത്സരത്തില്‍ ബെംഗ്ലൂരുവിനെ പരാജയപ്പെടുത്തി ആരാധകരെ ത്രസിപ്പിക്കാനാകും ഓഗ്ബെച്ചെയുടെ നേതൃത്വത്തിലുള്ള മഞ്ഞപ്പടയുടെ ശ്രമം. ചെന്നൈയിന് എതിരെ നടന്ന മത്സരത്തില്‍ ഹാട്രിക്ക് നേടിയ താരം ലീഗിലെ ഗോൾ വേട്ടക്കാർക്കിടയില്‍ നാലാം സ്ഥാനത്താണ്. 11 ഗോളുകളാണ് ഓഗ്ബെച്ചെയുടെ അക്കൗണ്ടിലുള്ളത്. അതേസമയം ബ്ലാസ്റ്റേഴ്‌സിന്‍റെ പ്രതിരോധനിരയാണ് പരിശീലകന്‍ എല്‍ക്കോ ഷെട്ടേരിക്ക് തലവേദനയാകുന്നത്.
അതേ സമയം പ്ലേ ഓഫ് ഉറപ്പിച്ച ബംഗളൂരു എഫ്‌സി ലീഗിലെ പൊയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥനം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ലീഗില്‍ ബംഗളൂരുവിന് എടികെക്ക് എതിരെ ഒരു മത്സരം കൂടി അവശേഷിക്കുന്നുണ്ട്. രണ്ട് മത്സരങ്ങളിലും ജയിച്ചാല്‍ ഗോവക്ക് പിന്നില്‍ ലീഗിലെ പൊയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനം ഉറപ്പിക്കാന്‍ ബംഗളൂരുവിന് ആകും. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയിനോട് സമനില വഴങ്ങിയത് ബംഗളൂരുവിന് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. ക്യാപ്‌റ്റന്‍ സുനില്‍ ഛേത്രിയുടെ അഭാവവും ടീമിന് തിരിച്ചടിയാകും. സസ്‌പെന്‍ഷനിലായ ഛേത്രിക്ക് ഇന്ന് നടക്കുന്ന മത്സരത്തില്‍ ബൂട്ടുകെട്ടാനാകില്ല.