പനാജി: ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിലെ മൂന്നാം മത്സരത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ചെന്നൈയിൻ എഫ്‌സിക്ക് എതിരെ ഗോവയിലെ ജിഎംസി സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് പോരാട്ടം.
ആദ്യ മത്സരത്തിൽ തോൽവിയും രണ്ടാം മത്സരത്തിൽ സമനിലയും വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് ജയത്തിൽ കുറഞ്ഞതൊന്നും ഇന്ന് പ്രതീക്ഷിക്കുന്നില്ല. ആദ്യ മത്സരത്തിൽ എടികെ മോഹൻ ബഗാനോട് പരാജയപ്പെട്ടപ്പോള്‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങി. നായകന്‍ സെർജിയോ സിഡോഞ്ച, മുന്നേറ്റ താരം ഗാരി ഹൂപ്പർ എന്നിവരുടെ ഗോളുകളുടെ ബലത്തിലാണ് ബ്ലാസ്റ്റേഴ്‌സ് സമനില സ്വന്തമാക്കിയത്. മറുവശത്ത് സീസണിലെ ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജംഷഡ്‌പൂര്‍ എഫ്‌സിയെ തോല്‍പ്പിച്ച ചെന്നൈയിൻ എഫ്‌സി പൂര്‍ണ ആത്മവിശ്വാസത്തിലാണ്. വിദേശ താരനിരയും യുവ ഇന്ത്യൻ നിരയും ഉള്‍പ്പെടുന്ന അതി ശക്തമായ ഇരു ടീമുകളും അക്രമണോത്സുക ശൈലി പുറത്തെടുക്കാനാണ് സാധ്യത.
ഐഎസ്‌എല്‍ ആറാം സീസണില്‍ എത്തിനില്‍ക്കുമ്പോള്‍ ഇതിനകം രണ്ട് തവണ ജേതാക്കളാകാനും മൂന്നു തവണ ഫൈനലില്‍ എത്താനും ചെന്നൈയിൻ എഫ്‌സിക്ക് സാധിച്ചു. ഇതുവരെ കപ്പടിച്ചില്ലെങ്കിലും രണ്ട് തവണ ഫൈനലിലെത്താൻ കേരള ബ്ലാസ്റ്റേഴ്സിനായിട്ടുണ്ട്. ഞായറാഴ്‌ച നടക്കുന്ന മത്സരത്തിൽ മുൻതൂക്കം ചെന്നൈക്കാണെങ്കിലും അപ്രതീക്ഷിതമായി ജയം സ്വന്തമാക്കുന്ന ശീലം ബ്ലാസ്റ്റേഴ്സ് ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
കൈവന്ന ജയം അവസാന നിമിഷം കൈവിടുന്ന പതിവ് കഴിഞ്ഞ സീസൺ മുതലേ ബ്ലാസ്റ്റേഴ്‌സ് തുടര്‍ന്ന് വരികയാണ്. കഴിഞ്ഞ മത്സരത്തിൽ അപ്രതീക്ഷിതമായി അവസാന നിമിഷം ഗോള്‍ വഴങ്ങിയത് കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ ജയം വഴുതിപ്പോയത്. ബ്ലാസ്റ്റേഴ്‌സിന് എതിരെ നോർത്ത് ഈസ്റ്റ് രണ്ടാം പകുതിയുടെ തുടക്കത്തിലും അവസാന നിമിഷവും വല കുലുക്കി. ഇത്തവണ ആ പ്രവണത അവസാനിപ്പിക്കാനുള്ള ശ്രമത്തിലാകും ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ കിബു വിക്കുന. ചെന്നൈയിൻ എഫ്‌സിയെ നേരിടുമ്പോൾ പ്രതിരോധത്തെ കൂടുതൽ ശക്തമാക്കാനാകും വിക്കുനയുടെ ശ്രമം.
ആദ്യ മത്സരത്തിൽ തീർത്തും നിരാശപ്പെടുത്തിയ മുന്നേറ്റ നിര കഴിഞ്ഞ മത്സരത്തില്‍ മെച്ചപ്പെട്ടത് നേടിയത് ബ്ലാസ്റ്റേഴ്സിന്‍റെ ആത്മവിശ്വാസം ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ മത്സരത്തില്‍ അറ്റാക്കിംഗ് മിഡ്‌ഫീൽഡറുടെ റോളില്‍ മികച്ച പ്രകടനമാണ് സിഡോഞ്ച പുറത്തെടുത്തത്. അതേ പൊസിഷനില്‍ അദ്ദേഹം ഇന്നും ഇറങ്ങാനാണ് സാധ്യത.