ഭുവനേശ്വര്‍:സീസണിലെ അവസാന മത്സരം ജയിച്ച് അവസാനിപ്പിക്കാമെന്ന കേരളാ ബ്ലാസ്റ്റേഴ്‌സിന്‍റെ മോഹം പൊലിഞ്ഞു. ഒഡീഷ എഫ്‌സിക്ക് എതിരായ മത്സരത്തില്‍ ഇരു ടീമുകളും നാല് ഗോൾ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞു. ഒഡീഷയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും നിറഞ്ഞ് കളിച്ചു. മുന്നേറ്റ താരം മാനുവല്‍ ഓന്‍വുവിന്‍റെ ഹാട്രിക് മികവില്‍ ഓഡീഷ നാല് ഗോൾ സ്വന്തമാക്കിയപ്പോൾ നായകന്‍ ഓഗ്ബെച്ചെയുടെ ഇരട്ട ഗോളിന്‍റെ മികവില്‍ ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചു.
സമനിലയില്‍ കളി അവസാനിപ്പിച്ച് ബ്ലാസ്റ്റേഴ്‌സ് - കേരള ബ്ലാസ്റ്റേഴ്‌സ് വാർത്ത
ഒഡിഷ എഫ്‌സിക്ക് എതിരായ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് സമനില. ഇരു ടീമുകളും നാല് ഗോൾ വീതം നേടി
കളിയുടെ ആദ്യ മിനിട്ടില്‍ തന്നെ ഓന്‍വുവിന്‍റെ ഗോളിലൂടെ ഒഡീഷ മുന്നേറ്റം നടത്തി. പിന്നാലെ ആദ്യ പകുതിയിലെ 36-ാം മിനിട്ടിലും 51-ാം മിനിട്ടിലും ഓന്‍വു ഗോൾ സ്വന്തമാക്കി. 44-ാം മിനിറ്റില്‍ പെരെസും പെനാല്‍റ്റിയിലൂടെ ഒഡീഷക്കായി ഗോൾ സ്വന്തമാക്കി. അതേസമയം നാരായണ്‍ ദാസിന്‍റെ സെല്‍ഫ് ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് ഗോൾ വേട്ടക്ക് തുടക്കം കുറിച്ചത്. ആദ്യ പകുതിയിലെ 28-ാം മിനിട്ടില്‍ മെസ്സി ബൗളിയിലൂടെ ബ്ലാസ്റ്റേഴ്‌സ് രണ്ടാമത്തെ ഗോൾ കണ്ടെത്തിയപ്പോൾ പെനാല്‍ട്ടിയിലൂടെയായിരുന്നു ഓഗ്ബെച്ചെയുടെ ഇരട്ട ഗോളുകൾ. 82-ാം മിനിട്ടിലും ഇഞ്ച്വറി ടൈമിലുമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്‍റെ നായകന്‍റെ ഗോളുകൾ. 18 മത്സരങ്ങളില്‍ നിന്നും 19 പോയിന്‍റ് നേടിയ ബ്ലാസ്റ്റേഴ്‌സ് ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്തും 18 മത്സരങ്ങളില്‍ നിന്നും 25 പോയിന്‍റുള്ള ഒഡീഷ എഫ്‌സി ആറാം സ്ഥാനത്തുമാണ്.