ബര്‍ലിന്‍: യൂറോപ്പ ലീഗിലെ സെമി ഫൈനല്‍സിന്‍റെ ചിത്രം തെളിഞ്ഞു. ജര്‍മനിയില്‍ നടക്കുന്ന സെമി ഫൈനല്‍സില്‍ വമ്പന്‍ പോരാട്ടങ്ങളാണ് ആരാധകരെ കാത്തിരിക്കുന്നത്. 17ന് നടക്കുന്ന ആദ്യ സെമിയില്‍ സ്പാനിഷ് ക്ലബ്ബ് സെവിയ്യ മുന്‍ പ്രീമിയര്‍ ലീഗ് ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടും. 18ന് രണ്ടാം സെമിയില്‍ ഇറ്റാലിയന്‍ വമ്പന്മാരായ ഇന്‍റര്‍ മിലാന്‍ ഉക്രെയ്‌നിന്‍റെ ഷക്തര്‍ ഡൊണസ്‌ക്കിനേയും നേരിടും.
യൂറോപ്പാ ലീഗില്‍ ഇനി വമ്പന്‍ പോരാട്ടങ്ങള്‍ - europa league news
യൂറോപ്പ ലീഗിന്‍റെ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ജര്‍മനിയില്‍ ഓഗസ്റ്റ് 17ന് തുടക്കമാകും. ആദ്യ സെമിയില്‍ സ്പാനിഷ് ക്ലബ്ബ് സെവിയ്യ ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടും
ഏകപക്ഷീയമായ ഒരു ഗോളിന് ഇംഗ്ലീഷ് ടീമായ വോള്‍വ്‌സിനെ വീഴ്ത്തിയാണ് സെവിയ്യയുടെ സെമി പ്രവേശം. നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ മൂന്ന് മിനിട്ട് മാത്രം ബാക്കിയുള്ളപ്പോള്‍ എവര്‍ ബനേഗയുടെ അസിസ്റ്റില്‍ ലൂകാസ് ഓകാംമ്പോസാണ് സെവിയ്യക്കായി വല ചലിപ്പിച്ചത്.
സ്വിസ് ടീം എഫ്‌സി ബേസലിന്‍റെ വല നിറച്ചാണ് ഷക്‌തര്‍ സെമിയില്‍ കടന്നത്. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഷക്തറിന്‍റെ ജയം. ജൂനിയര്‍ മൊറെയ്‌സ്, ടൈസണ്‍, അലന്‍ പാട്രിക്, ഡോഡോ എന്നിവര്‍ ബേസലിന്‍റെ വല ചലിപ്പിച്ചു. റിക്കി വാന്‍ വോള്‍വ്ഫ്‌വിങ്കലാണ് ബേസലിന്‍റെ ആശ്വാസഗോള്‍ സ്വന്തമാക്കിയത്.