രണ്ടടിച്ച് ബെന്‍സേമ: റയലിന് ഏകപക്ഷീയ ജയം - laliga news
സ്പാനിഷ് ലാലിഗയില്‍ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ റയല്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് വലന്‍സിയെ പരാജയപ്പെടുത്തി
മാഡ്രിഡ്: കൊവിഡിനെ തുടര്‍ന്ന് തിരിച്ചെത്തിയ സ്പാനിഷ് ലാലിഗയില്‍ റയല്‍ മാഡ്രിഡിന് തുടര്‍ച്ചയായി രണ്ടാം ജയം. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ റയല്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് വലന്‍സിയെ പരാജയപ്പെടുത്തി. മൂന്ന് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു എന്ന പ്രത്യേകതയുമുണ്ടായിരുന്നു. 61-ാം മിനിട്ടിലും 86-ാം മിനിട്ടിലുമായി കരീം ബെന്‍സേമ ഇരട്ട ഗോളുകള്‍ സ്വന്തമാക്കിയപ്പോള്‍ പരിക്കില്‍ നിന്നും തിരിച്ചുവന്ന സ്പാനിഷ് മധ്യനിര താരം മാര്‍ക്കോ അസെന്‍സിയോ 74-ാം മിനുട്ടില്‍ ഗോളടിച്ചത് റയലിന് ഇരട്ടി മധുരം പകര്‍ന്നു. പരിക്ക് കാരണം കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ അസെന്‍സിയോ റയലിന് വേണ്ടി കളിച്ചിട്ടില്ല. 89-ാം മിനിട്ടില്‍ പകരക്കാരനായി ഇറങ്ങിയി ലീ കാങ്ങ് ഇന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് 10 പേരുമായാണ് വലന്‍സിയ മത്സരം പൂര്‍ത്തിയാക്കിയത്. ജയത്തോടെ നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്‌സലോണയുമായുള്ള അകലം റയല്‍ രണ്ട പോയിന്റാക്കി കുറച്ചു. ബാഴ്‌സക്ക് 64 പോയിന്‍റും റയലിന് 62 പോയിന്‍റുമാണുള്ളത്. മറ്റൊരു മത്സരത്തില്‍ അലാവസ് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് റയല്‍ സോസിഡാസിനെ പരാജയപ്പെടുത്തി.