മാഡ്രിഡ്: 18 മാസത്ത ഇടവേളയ്‌ക്ക് ശേഷം സ്വന്തം തട്ടകമായ സാൻറിയാഗോ ബെർണബ്യൂവിലേക്കുള്ള മടങ്ങി വരവിൽ തകര്‍പ്പന്‍ ജയം പിടിച്ച് റയൽ മാഡ്രിഡ്. സെൽറ്റാ വിഗോയെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് റയല്‍ തകര്‍ത്ത് വിട്ടത്.
കരീം ബെൻസേമ ഹാട്രിക് നേടി തകര്‍ത്താടിയ മത്സരത്തില്‍ വിനിഷ്യസ് ജൂനിയറും (54ാം മിനുട്ട്) അരങ്ങേറ്റ മത്സരത്തിൽ പകരക്കാരനായയെത്തിയ എഡ്വാര്‍ഡോ കാമവിങ്ങയും (72ാം മിനുട്ട്) ലക്ഷ്യം കണ്ടു. 24, 46, 87 മിനുട്ടുകളിലായിരുന്നു ബെൻസേമയുടെ ഗോള്‍ നേട്ടം.
സാന്‍റി മിന (4ാം മിനുട്ട്), ഫ്രാങ്കോ സെര്‍വി (31ാം മിനുട്ട്) എന്നിവര്‍ സെൽറ്റാ വിഗോയ്‌ക്കായി ലക്ഷ്യം കണ്ടു. നിലവിലെ പോയിന്‍റ് പട്ടികയില്‍ നാല് മത്സരങ്ങളില്‍ നിന്നും മൂന്ന് വിജയവുമായി 10 പോയിന്‍റുള്ള റയല്‍ തലപ്പത്താണ്. ഇത്രയും മത്സരങ്ങളില്‍ നിന്നും ഒരു പോയിന്‍റുള്ള സെൽറ്റാ വിഗോ 18ാം സ്ഥാനത്താണ്.
അവസാനം അത്‌ലറ്റിക്കോ
ലാ ലിഗയിലെ മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ മാഡ്രിഡിന് നാടകീയ ജയം. എസ്‌പാനിയോളിനെ 2-1നാണ് അത്‌ലറ്റിക്കോ കീഴടക്കിയത്. മത്സരത്തിന്‍റെ 40ാം മിനുട്ടില്‍ റൗള്‍ ഡി തോമസിലൂടെ ലീഡെടുത്ത എസ്‌പാനിയോളിനെ 79ാം മിനുട്ടിലാണ് അത്‌ലറ്റിക്കോ ഒപ്പം പിടിച്ചത്.
യാനിക് കാരാസ്‌കോയാണ് അത്‌ലറ്റിക്കോയ്‌ക്കായി ലക്ഷ്യം കണ്ടത്. തുടര്‍ന്ന് മത്സരത്തിന്‍റെ ഇഞ്ചുറി ടൈമിന്‍റെ ഒന്‍പതാം മിനിറ്റില്‍ തോമസ് ലെമറാണ് വിജയ ഗോള്‍ നേടിയത്. ബാഴ്‌സയില്‍ നിന്നും അത്‌ലറ്റിക്കോയില്‍ തിരിച്ചെത്തിയ അന്‍റോയിന്‍ ഗ്രീസ്‌മാനും മത്സരത്തിനിറങ്ങിയിരുന്നു. അതേസമയം
കഴിഞ്ഞ ഏഴ് മത്സരങ്ങളില്‍ ഇത് അഞ്ചാം തവണയാണ് അത്‌ലറ്റിക്കോ 2-1 എന്ന സ്കോറില്‍ ജയിച്ചു കയറുന്നത്. ജയത്തോടെ നാല് മത്സരങ്ങളില്‍ നിന്നും 10 പോയിന്‍റുമായി അത്‌ലറ്റിക്കോ മൂന്നാം സ്ഥാനത്താണ്. രണ്ട് പോയിന്‍റുള്ള എസ്‌പാനിയോള്‍ 15ാം സ്ഥാനത്താണ്.
also read: 'സ്പോർട്‌സിനെ രാഷ്ട്രീയത്തിൽ നിന്ന് വേർപെടുത്തണം'; ടിം പെയ്നെതിരെ അഫ്‌ഗാന്‍ ക്രിക്കറ്റര്‍ അസ്‌ഗർ