ബംഗളൂരു: ടീമിന്‍റെ പ്രകടനത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് ബംഗളൂരു എഫ്‌സിയുടെ പരിശീലകന്‍ ജാവിയർ പിനിലോസ്. ഐഎസ്എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ജംഷഡ്പൂർ എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയ പശ്ചാത്തലത്തില്‍ പോസ്‌റ്റ് മാച്ച് സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹോം ഗ്രൗണ്ടില്‍ തിളങ്ങി ബംഗളൂരു; ആത്മവിശ്വാസവുമായി പരിശീലകന്‍ - ഐഎസ്എല്‍ വാർത്ത
ഐഎസ്എല്ലില്‍ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ബംഗളൂരു ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ജംഷഡ്‌പൂരിനെ പരാജയപ്പെടുത്തി
മധ്യനിരയില്‍ ദിമാസ് ദെല്‍ഗാഡോ മികച്ച കളിയാണ് പുറത്തെടുത്തത്. പ്രതിരോധത്തിലും മുന്നേറ്റത്തിലും താരം തിളങ്ങി. നായകന്‍ സുനില്‍ ഛേത്രി എത് പൊസിഷനിലും കളിക്കാന്‍ കഴിയുന്ന മുന്നേറ്റ താരമാണെന്നും ജാവിയർ പിനിലോസ് പറഞ്ഞു. ജംഷഡ്‌പൂരിനെതിരെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എറിക് പാര്‍ത്തലുവും സുനില്‍ ഛേത്രിയുമാണ് ബംഗളൂരുവിനായി ഗോൾ നേടിയത്. എട്ടാം മിനിറ്റില്‍ പാര്‍ത്തലുവും രണ്ടാം പകുതിയിലെ 63-ാം മിനുട്ടില്‍ നായകന്‍ സുനില്‍ ഛേത്രിയും സന്ദർശകരുടെ വല ചലിപ്പിച്ചു.
ജയത്തോടെ ബംഗളൂരു ഐഎസ്എല്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാമതെത്തി. 12 മത്സരങ്ങളില്‍ 22 പോയിന്‍റാണ് ബംഗളൂരുവിന് ഉള്ളത്. ഒന്നാം സ്ഥാനത്തുള്ള ഗോവയെക്കാൾ രണ്ട് പോയിന്‍റിന്‍റെ വ്യത്യാസം മാത്രമാണ് ബംഗളൂരുവിനുള്ളത്. 11 മത്സരങ്ങളില്‍ നിന്നും 13 പോയിന്‍റുമായി ജംഷഡ്‌പൂര്‍ എഫ്‌സി ആറാം സ്ഥാനത്താണ്. ബംഗളൂരു ജനുവരി 17-ന് നടക്കുന്ന അടുത്ത മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിയെ നേരിടും. അതേസമയം ജനുവരി 19-ന് നടക്കുന്ന അടുത്ത മത്സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സാണ് ജംഷഡ്‌പൂരിന്‍റെ എതിരാളികൾ.