കേരളം

kerala

ബെംഗളൂരു എഫ്സിക്ക് ഇന്ന് ജീവൻമരണ പോരാട്ടം

By

Published : Mar 11, 2019, 6:48 PM IST

Updated : Mar 11, 2019, 6:54 PM IST

സെമിയുടെ ആദ്യ പാദ മത്സരത്തില്‍ ബെംഗളൂരു എഫ്സിയെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തകർത്തത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്.

ബെംഗളൂരു എഫ്സി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

ഐഎസ്എല്ലില്‍ ഇന്ന് ബെംഗളൂരു എഫ്സി - നോർത്ത് ഈസ്റ്റ് യുണൈറ്റഡ് രണ്ടാം പാദ സെമി പോരാട്ടം. ആദ്യ പാദ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് നോർത്ത് ഈസ്റ്റിനോട് പരാജയപ്പെട്ട ബെംഗളൂരു എഫ്സിക്ക് ഇന്നത്തെ ജയം അനിവാര്യമാണ്.

തുടർച്ചയായ രണ്ടാം തവണയും ലീഗില്‍ ഒന്നാമതെത്തിയ ബെംഗളൂരു അപ്രതീക്ഷതമായ തോല്‍വിയാണ് ഒന്നാം പാദ സെമിയില്‍ നേരിട്ടത്. ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ വിജയത്തിനപ്പുറം കളിയില്‍ ഉടനീളം ബെംഗളൂരുവിന് മേല്‍ ആധിപത്യം സ്ഥാപിക്കാനും നോർത്ത് ഈസ്റ്റിന് കഴിഞ്ഞു. ബെംഗളൂരുവിനെതിരെ ആദ്യ ജയം സ്വന്തമാക്കിയ ആത്മവിശ്വാസവുമായാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ന് കളത്തിലിറങ്ങുക. റിഡീം ട്ലാങും, യുവാൻ മാസ്യയുമാണ്നോർത്ത് ഈസ്റ്റിന് വേണ്ടി ഗോൾ നേടിയത്. ബെംഗളൂരു സൂപ്പർ താരം സുനില്‍ ഛേത്രിയും മിക്കുവും മികവിലേക്ക് എത്താതിരുന്നതാണ് ആദ്യ പാദത്തില്‍ ബെംഗളൂരുവിന് തിരിച്ചടിയായത്.

ഇന്നത്തെ പോരാട്ടത്തില്‍ നോർത്ത് ഈസ്റ്റിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചാല്‍ എവേ ഗോളിന്‍റെആനുകൂല്യത്തില്‍ ബെംഗളൂരുവിന് ഫൈനലില്‍ കടക്കാം. അതുകൊണ്ട് ഇന്നത്തെ പ്രകടനം ഇരുടീമുകൾക്കും നിർണായകമാണ്. പരിക്കേറ്റ ഒഗ്ബെചെ ഇന്ന് നോർത്ത് ഈസ്റ്റിന് വേണ്ടി കളിക്കില്ല.

ബെംഗളൂരുവിന്‍റെ ഹോംഗ്രൗണ്ടായ കണ്ഠീരവ സ്റ്റേഡിയത്തിന്‍റെ പേരില്‍ കർണാടക അത്ലറ്റിക് അസോസിയേഷനും ബെംഗളൂരു എഫ്സി ഉടമസ്ഥരും തമ്മില്‍ തർക്കത്തിലാണ്. കണ്ഠീരവ സ്റ്റേഡിയം അത്ലറ്റിക്സിനായി നിര്‍മ്മിച്ചതാണെന്നും ബെംഗളൂരു എഫ് സിയുടെ കടന്നു കയറ്റം മൂലം തങ്ങള്‍ക്ക് അത്ലറ്റിക്ക്സ് പരിശീലിക്കാന്‍ കഴിയുന്നില്ലെന്നും കർണാടക അത്ലറ്റിക് അസോസിയേഷൻ ആരോപണം ഉന്നയിച്ചിരുന്നു. മാര്‍ച്ച്‌ പതിനഞ്ച് മുതല്‍ കണ്ഠീരവ സ്റ്റേഡിയം പൂര്‍ണമായും കര്‍ണാടക അത്ലറ്റിക് അസോസിയേഷന് വിട്ട് കൊടുക്കാനുള്ള ആവശ്യം അംഗീകരിക്കാമെന്ന് യൂത്ത് എംപവർമെന്‍റ് ആൻഡ് സ്പോർട്സ് കമ്മീഷണർ ഉറപ്പ് നല്‍കി.

അങ്ങനെയെങ്കില്‍ കണ്ഠീരവ സ്റ്റേഡിയത്തില്‍ നടക്കുന്ന അവസാന ഐ.എസ്.എല്‍ മത്സരം കൂടിയാകും ഇന്നത്തേത്. ഇതോടെ അടുത്ത സീസണില്‍ ബെംഗളൂരു എഫ്സി പുതിയ ഹോംഗ്രൗണ്ട് കണ്ടുപിടിക്കേണ്ടി വരും.

Last Updated : Mar 11, 2019, 6:54 PM IST

ABOUT THE AUTHOR

...view details