മ്യൂണിക്ക് : ബുണ്ടസ് ലിഗയിയിൽ ബയേണ്‍ മ്യൂണിക്കിന് തുടര്‍ച്ചയായ ഒമ്പതാം കിരീട നേട്ടം. അവസാന റൗണ്ട് മത്സരത്തില്‍ ഓഗ്‌സ്ബര്‍ഗിനെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകർത്താണ് ബയേണ്‍ കിരീട നേട്ടം അധികാരികമാക്കിയത്. ലീഗില്‍ 32-ാം റൗണ്ട് മത്സരം അവസാനിച്ചപ്പോള്‍ തന്നെ ഹാൻസി ഫ്ലിക്കിൻെറ സംഘം കിരീടം ഉറപ്പിച്ചിരുന്നു. ഫ്ലിക്കിൻെറ കീഴിൽ ബയേണിന്‍റെ രണ്ടാം കിരീട നേട്ടം കൂടിയാണിത്.
മത്സരത്തിന്‍റെ ഒമ്പതാം മിനുട്ടിൽ ഓഗ്‌സ്ബര്‍ഗ് താരം ജെഫ്രെ ഗുവേല്വോയുടെ സെല്‍ഫ് ഗോളിലൂടെയാണ് ബയേൺ മുന്നിലെത്തിയത്. തുടർന്ന് 23ാം മിനുട്ടിൽ സെര്‍ജ് നാബ്രിയിലൂടെ നയം വ്യക്തമാക്കുകയും ചെയ്തു. തുടർന്ന് ജോഷ്വാ കിമ്മിച്ച് (33), കിങ്സ്ലി കോമാന്‍ (43), റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി (90) എന്നിവരും ലക്ഷ്യം കണ്ടു.