ലിസ്‌ബണ്‍; ചാമ്പ്യന്‍സ് ലീഗിന്‍റെ കലാശപ്പോര് കനക്കും. ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കും ഫ്രഞ്ച് വമ്പരായ പിഎസ്‌ജിയും തമ്മിലാണ് കിരീടപ്പോരാട്ടം. ലിസ്‌ബണില്‍ നടന്ന സെമി ഫൈനലില്‍ ലിയോണിനെതിരെ മറുപടിയില്ലാത്ത മൂന്ന് ഗോളിന്‍റെ ജയം സ്വന്തമാക്കിയാണ് ബയേണ്‍ മ്യൂണിക്ക് ഫൈനല്‍ പോരാട്ടത്തിന് കച്ചമുറുക്കുന്നത്. 11ാം തവണയാണ് ബയേണ്‍ ചാമ്പ്യന്‍സ് ലീഗന്‍റെ ഫൈനല്‍ പ്രവേശനം സ്വന്തമാക്കുന്നത്. ജര്‍മന്‍ വിങ്ങര്‍ സെര്‍ജി ഗ്നാബ്രി ഇരട്ട ഗോള്‍ സ്വന്തമാക്കിയപ്പോള്‍ സൂപ്പര്‍ താരം ലെവന്‍ഡോവ്‌സ്‌കി ഒരു ഗോളും സ്വന്തം പേരില്‍ കുറിച്ചു.
ആദ്യപകുതിയിലായിരുന്നു ഗ്നാബ്രിയുടെ ഗോളുകള്‍ പിറന്നത്. പ്രതിരോധ താരം കിമ്മിച്ചിന്‍റെ അസിസ്റ്റ് വലയിലെത്തിച്ചാണ് ഗ്നാബ്രി ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. 18ാം മിനിട്ടില്‍ വലത് വിങ്ങിലൂടെ ലിയോണിന്‍റെ നാല് പ്രതിരോധ താരങ്ങളെ വകഞ്ഞുമാറ്റി ഷോട്ടുതിര്‍ത്തു. പോസ്റ്റിന്‍റെ വലത് മൂലയിലൂടെ പന്ത് വലയിലെത്തി.
33ാം മിനിട്ടിലാണ് ഗ്നാബ്രി രണ്ടാമത്തെ വെടി പൊട്ടിച്ചത്. ലെവന്‍ഡോവ്‌സ്‌കി പാഴാക്കിയ അവസരം പോസ്റ്റിലേക്ക് തിരിച്ചടിച്ചായിരുന്നു ഗ്നാബ്രിയുടെ രണ്ടാമത്തെ ഗോള്‍. ഇവാന്‍ പെരിസിച്ചിന്‍റെ പാസിന് കാല്‍ വെക്കുകയേ പോളിഷ് താരം വേണ്ടിയിരുന്നുള്ളൂ. എന്നാല്‍ ലെവന്‍ഡോവ്‌സ്‌കിക്ക് പിഴച്ചു. ലിയോണിന്‍റെ ഗോള്‍വല കാത്ത ആന്‍റണി ലോപ്പസിന്‍റെ കയ്യില്‍ തട്ടി തിരിച്ചുവന്ന പന്താണ് ഗ്നാബ്രി ഗോളാക്കി മാറ്റിയത്. രണ്ട് ഗോളുകള്‍ സ്വന്തമാക്കിയ ഗ്നാബ്രിയാണ് കളിയിലെ താരം.
ആദ്യപകുതിയില്‍ തന്നെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ സ്വന്തമാക്കിയ ബയോണ്‍ രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമിച്ച് കളിച്ചെങ്കിലും മൂന്നാമത്തെ ഗോളിനായി നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ രണ്ട് മിനിട്ട് ശേഷിക്കുന്നത് വരെ കാത്തിരിക്കേണ്ടി വന്നു. പ്രതിരോധതാരം കിമ്മിച്ചിന്‍റെ ഫ്രീക്കിക്ക് പോളിഷ് സൂപ്പര്‍ താരം ലെവന്‍ഡോവ്‌സ്‌കി ഹെഡറിലൂടെ പോസ്റ്റിലെത്തിച്ചു. ലിയോണിന്‍റെ പ്രതിരോധ താരങ്ങള്‍ക്ക് മുകളില്‍ ഉയര്‍ന്നുപൊന്തിയാണ് പന്ത് വലയിലെത്തിച്ചത്. സീസണില്‍ ലെവന്‍ഡോവ്‌സ്‌കിയുടെ 55ാമത്തെ ഗോളാണ് ലിയോണിനെതിരെ പിറന്നത്. ലീഗില്‍ തുടര്‍ച്ചയായി ഒമ്പത് മത്സരങ്ങളിലും ലെവന്‍ഡോവ്‌സ്‌കി ഇതിനകം ഗോള്‍ സ്വന്തമാക്കി.
ഓഗസ്റ്റ് 24ന് നടക്കുന്ന ഫൈനലില്‍ ട്രിപ്പിള്‍ കിരീടം ലക്ഷ്യമിട്ടാകും ബയേണും പിഎസ്‌ജിയും ഇറങ്ങുക. സീസണില്‍ ഇതിനകം ഇരു ടീമുകളും രണ്ട് കിരീടങ്ങള്‍ വീതം സ്വന്തമാക്കി കഴിഞ്ഞു.