സ്റ്റോക്ക്ഹോം:വനിതാ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ബാഴ്‌സലോണ. ഇന്ന് പുലര്‍ച്ചെ സ്വീഡനിലെ ഗാംല ഉല്ലെവി സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ ചെല്‍സിക്കെതിരെ തകര്‍പ്പന്‍ ജയമാണ് ബാഴ്‌സലോണയുടെ പെണ്‍പട സ്വന്തമാക്കിയത്.
മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് ജയിച്ച ബാഴ്‌സ ഫ്രഞ്ച് കരുത്തരായ ലിയോണിന്‍റെ ആധിപത്യം അവസാനിപ്പിച്ചു. തുടര്‍ച്ചയായി അഞ്ച് സീസണുകളില്‍ കപ്പടിച്ച ലിയോണിന്‍റെ മുന്നേറ്റമാണ് ബാഴ്‌സ അവസാനിപ്പിച്ചത്.
നോര്‍വീജിയന്‍ മുന്നേറ്റ താരം ഗ്രഹാം ഹാന്‍സന്‍, സ്‌പാനിഷ് മിഡ്‌ഫീല്‍ഡര്‍ ബോണ്‍മാറ്റി, സ്‌പാനിഷ് താരം അലക്‌സിയ പടെല്ലാസ് എന്നിവര്‍ ബാഴ്‌സക്കായി വല കുലുക്കിയപ്പോള്‍ ചെല്‍സിയുടെ ജര്‍മന്‍ താരം മെലനി ലോയപ്പോള്‍സിന്‍റെ ഓള്‍ ഗോളിലൂടെ ബാഴ്‌സ ലീഡ് നാലാക്കി ഉയര്‍ത്തി. ആദ്യമായാണ് ചെല്‍സി വനിതാ ചാമ്പ്യന്‍സ് ലീഗിന്‍റെ ഫൈനലില്‍ പ്രവേശിച്ചത്.
ഇരു പാദങ്ങളിലായി നടന്ന സെമി ഫൈനല്‍ പോരാട്ടത്തില്‍ ബാഴ്‌സ പിഎസ്‌ജിയെ പരാജയപ്പെടുത്തിയപ്പോള്‍ ബയേണ്‍ മ്യൂണിക്കിനെ പരാജയപ്പെടുത്തിയാണ് ചെല്‍സി ഫൈനല്‍ യോഗ്യത നേടിയത്.
കൂടുതല്‍ വായനക്ക്: 'ബെക്കര്‍ ഹീറോ ഡാ'; ഗോളിയുടെ ഗോളിലൂടെ ചെമ്പടയുടെ കുതിപ്പ്