778 മത്സരങ്ങൾ, 672 ഗോളുകൾ, 35 കിരീടങ്ങൾ, ആറ് ബാലൺദ്യോർ പുരസ്‌കാരം.. ഇതെല്ലാം ലോക റെക്കോഡാണ്. ബാഴ്‌സലോണ എന്ന സ്‌പാനിഷ് ക്ലബിനൊപ്പം ലയണല്‍ മെസിയെന്ന ഫുട്‌ബോൾ മിശിഹ സ്വന്തമാക്കിയ റെക്കോഡുകൾ. ഇനിയതെല്ലാം റെക്കോഡ് ബുക്കിലേക്ക് മാത്രമായി ഒതുങ്ങും.
കഴിഞ്ഞ ഒരു വർഷമായി ഏറെ അനിശ്‌ചിതത്വം നിറഞ്ഞതായിരുന്നു മെസിയും ബാഴ്‌സയും തമ്മിലുള്ള ബന്ധം. കരാർ പുതുക്കാൻ ആഗ്രഹമില്ലാതിരുന്ന മെസി ബാഴ്‌സ വിടുമെന്ന തരത്തില്‍ നിരവധി വാർത്തകൾ പുറത്തുവന്നിരുന്നു. പക്ഷേ അതിനെയെല്ലാം മറികടന്ന് മെസി സ്‌പെയിനില്‍ തുടരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു.
ഹൃദയം തകരുന്നു
21 വർഷം നീണ്ട ബന്ധം ഇന്നലെ (05.08.21) അവസാനിച്ചു. ഇനി മെസിയില്ലാത്ത ബാഴ്‌സ. കാല്‍പന്തിന്‍റെ മിശിഹ ഇനി കറ്റാലൻ കുപ്പായത്തിലെ പത്താം നമ്പർ ജെഴ്‌സിയില്‍ ഉണ്ടാകില്ല. രാത്രി വൈകുവോളം ആരാധകർ കാത്തിരുന്നു.. ആ വാർത്ത സത്യമാകില്ല എന്ന് വിശ്വസിക്കാൻ.
ഇന്ന് നേരം പുലരുമ്പോൾ മെസി നൗകാമ്പില്‍ തന്നെയുണ്ടാകും എന്ന് കേൾക്കാനാണ് അവർ ആഗ്രഹിച്ചത്. പക്ഷേ രണ്ട് പതിറ്റാണ്ടുകൾ പിന്നിട്ട ആ ബന്ധത്തിന് വിരാമം. ബാഴ്‌സലോണ ഔദ്യോഗികമായി അത് പ്രഖ്യാപിച്ചു. ഫുട്‌ബോൾ ആരാധകർ ആ വാർത്തയോട് പൊരുത്തപ്പെടുകയാണ്.
13-ാം വയസില്‍ നൗകാമ്പിലെത്തിയെ മെസി ബാഴ്‌സയുടെ യൂത്ത് സിസ്റ്റത്തിലൂടെ താരമായി മാറി. 2003ല്‍ 16-ാം വയസില്‍ സീനിയർ ടീമില്‍ അരങ്ങേറ്റം. പിന്നീട് ബാഴ്‌സയും മെസിയും ചേർന്നുള്ള യാത്ര. ഫുട്‌ബോൾ ലോകം അവിശ്വസനീയതോടെ, കൗതുകത്തോടെ, ആരാധനയോടെ മെസിയെ കണ്ടിരുന്നു. ബാഴ്‌സയുടെ ജെഴ്‌സിയില്‍ മെസിയുടെ ചടുലമായ ഓരോ നീക്കത്തിനും ലോകമെമ്പാടുമുള്ള ആരാധകർ കയ്യടിച്ചു. മഴവില്ലഴകില്‍ പറന്നിറങ്ങുന്ന ഫ്രീക്കിക്കുകൾ ആ പത്താംനമ്പർ ജെഴ്‌സിയില്‍ നിന്ന് ഗോൾ വലയിലേക്ക് ഊളിയിട്ടിറങ്ങുമ്പോൾ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു.