ബാഴ്‌സലോണ: എല്‍ക്ലാസിക്കോയിലെ സമനിലക്ക് ശേഷം ബാഴ്‌സലോണക്ക് നൗക്യാമ്പില്‍ ആധികാരിക ജയം. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആല്‍വേസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബാഴ്‌സ തോല്‍പിച്ചു. 14-ാം മിനുട്ടില്‍ മുന്നേറ്റതാരം അന്‍റോണിയോ ഗ്രീസ്‌മാനാണ് ബാഴ്‌സയുടെ ഗോൾവേട്ടക്ക് തുടക്കമിട്ടത്. ആദ്യപകുതിയുടെ നിശ്ചിത സമയത്തെ അവസാന മിനുട്ടില്‍ വിദാലും ബാഴ്‌സക്കായി വല ചലിപ്പിച്ചു. രണ്ടാം പകുതിയില്‍ 69-ാം മിനുട്ടില്‍ മെസിയും ഗോൾ നേടി.
50 ഗോൾ തികച്ച് മെസി; നൗക്യാമ്പില്‍ വീണ്ടും ബാഴ്‌സലോണ
ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ബാഴ്‌സലോണ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ആല്‍വേസിനെ പരാജയപെടുത്തി
ഇതോടെ ഈ കലണ്ടർ വർഷം 50-ഗോൾ തികക്കുന്ന താരമായി മെസി മാറി. തുടർച്ചയായി 10-ാമത്തെ വർഷമാണ് താരം 50 ഗോൾ നേട്ടം സ്വന്തമാക്കുന്നത്. ബാഴ്‌സക്കായി മികച്ച പ്രകടനം പുറത്തെടുത്ത മെസി ലാലിഗയിലെ കഴിഞ്ഞമാസത്തെ താരമായും തെരഞ്ഞെടുക്കപെട്ടിരുന്നു. 75-ാം മിനുട്ടില്‍ ലൂയിസ് സുവാരിസിന്‍റെ പെനാല്‍ട്ടി ഗോളിലൂടെ ബാഴ്‌സ ഗോൾവേട്ട അവസാനിപ്പിച്ചു. സുവാരിസിന്‍റെ അസിസ്റ്റിലാണ് നാല് ഗോളും പിറന്നത്. പെരെ പോണ്‍സാണ് അല്‍വേസിനായി ആശ്വാസ ഗോൾ നേടിയത്. അടുത്തമാസം അഞ്ചിന് എസ്പാനിയോളിന് എതിരെയാണ് ബാഴ്‌സയുടെ അടുത്ത മത്സരം.
മത്സരം ജയിച്ചതോടെ 39 പോയിന്‍റുമായി ലാലിഗയിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാമതുള്ള ബാഴ്‌സലോണക്ക് രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിനേക്കാൾ മൂന്ന് പോയിന്‍റിന്‍റെ മുന്‍തൂക്കം ലഭിച്ചു. രണ്ടാം സ്ഥാനത്തുള്ള റെയല്‍ മാഡ്രിഡിന് 36 പോയിന്‍റാണ് ഉള്ളത്. 34 പോയിന്‍റുമായി സെവില്ലയാണ് മൂന്നാം സ്ഥാനത്ത്. മറ്റൊരു മത്സരത്തില്‍ ആർസിഡി മല്ലോർക്കയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് സെവില്ല പരാജയപെടുത്തിയിരുന്നു. ഡിയാഗോ കാർലോസ് സാന്‍റോസ് സിൽവയും എവര്‍ ബനേഗയുമാണ് സെവില്ലക്കായി ഗോൾ നേടിയത്.