ബാഴ്‌സലോണ: ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കാന്‍ നിലവിലെ ടീമിന് കെല്‍പ്പുണ്ടെന്ന് ബാഴ്‌സലോണയുടെ പരിശീലകന്‍ ക്വിക്കെ സെറ്റിയന്‍. ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട മെസിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബാഴ്‌സലോണയുടെ നിലവിലെ കളി മികവ് പരിഗണിക്കുമ്പോൾ ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കാനാകില്ലെന്നായിരുന്നു മെസി നേരത്തെ പറഞ്ഞിരുന്നത്. മെസിയുടെ വാക്കുകൾ വലിയ വിവാദത്തിന് വഴിവെച്ചതായി മനസിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചില കാര്യങ്ങളില്‍ ടീം മുന്നേറാനുണ്ട്. പക്ഷേ ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കാന്‍ ടീമിന് സാധിക്കുമെന്ന് സംശയലേശമന്യേ പറയാന്‍ സാധിക്കുമെന്നും ക്വിക്കെ സെറ്റിയന്‍ പറഞ്ഞു.
ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കാന്‍ ബാഴ്‌സക്ക് കെല്‍പ്പുണ്ട്: ക്വിക്കെ സെറ്റിയന്‍
നേരത്തെ ബാഴ്‌സലോണയുടെ കേളീ മികവിനെ വിമർശിച്ച് സൂപ്പർ താരം ലയണല്‍ മെസി രംഗത്ത് വന്നതിന് പിന്നാലെയാണ് പരിശീലകന്‍ ക്വിക്കെ സ്റ്റെയിന്‍റെ പരാമർശം
അതേസമയം ക്വിക്കെ തന്‍റെ വാക്കുകളെ തെറ്റിധരിച്ചുവെന്ന് മെസി പറഞ്ഞു. ടീമിന്‍റെ കഴിവില്‍ തനിക്ക് വിശ്വാസ കുറവില്ല. അതേസമയം നിലവില്‍ കളിക്കുന്ന രീതിയോടാണ് തന്‍റെ വിയോജിപ്പ്. ഈ രീതി തുടർന്നാല്‍ ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കാനാകിലെന്നും അദ്ദേഹം പറഞ്ഞു.
ഇതിനകം നാല് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകൾ സ്വന്തമാക്കാന്‍ ബാഴ്‌സലോണയെ മെസി സഹായിച്ചിട്ടുണ്ട്. ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗിലെ 16-ാം റൗണ്ടിലാണ് ബാഴ്‌സലോണ കടന്നിരിക്കുന്നത്. ഈ റൗണ്ടിലെ ആദ്യ പാദ മത്സരത്തില്‍ നാപ്പോളിയോട് 1-1 ന്‍റെ സമനില ബാഴ്‌സക്ക് വഴങ്ങേണ്ടി വന്നിരുന്നു. എന്നാല്‍ കൊവിഡ് 19 കാരണം ചാമ്പ്യന്‍സ് ലീഗ് നിലവില്‍ അനിശ്ചിതമായി നിർത്തിവെച്ചിരിക്കുകയാണ്.