വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുന്‍ ചാമ്പ്യന്‍മാരായ ബംഗളൂരു എഫ്‌സിയെ സമനിലയില്‍ തളച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടന്ന ഐഎസ്‌എല്‍ പോരാട്ടത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് പിരിഞ്ഞു. ആദ്യ പകുതിയിലെ 27ാം മിനിട്ടില്‍ മച്ചാഡോയിലൂടെ നോര്‍ത്ത് ഈസ്റ്റ് ആദ്യം വല കുലുക്കി. മലയാളി താരം സുഹൈര്‍ നല്‍കിയ പാസ് മുന്നേറ്റ താരം ഗല്ലെഗോ ഗോളാക്കി മാറ്റാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പന്ത് ലഭിച്ച മച്ചാഡോ ഗോളാക്കി മാറ്റുകയായിരുന്നു.
ബംഗളൂരു, നോര്‍ത്ത് ഈസ്റ്റ് പോരാട്ടം സമനിലയില്‍ - north east draw news
മത്സരം സമനിലയില്‍ കലാശിച്ചത് തുടര്‍ച്ചയായി നാല് പരാജയങ്ങള്‍ ഏറ്റുവാങ്ങിയ ബംഗളൂരു എഫ്‌സിക്കും ഹാട്രിക്ക് പരാജയം ഒഴിവാക്കിയ നോര്‍ത്ത് ഈസ്റ്റിനും ആശ്വാസം പകരും
![ബംഗളൂരു, നോര്‍ത്ത് ഈസ്റ്റ് പോരാട്ടം സമനിലയില്‍ ബംഗളൂരുവിന് സമനില വാര്‍ത്ത നോര്‍ത്ത് ഈസ്റ്റിന് സമനില വാര്‍ത്ത ഐഎസ്‌എല്‍ സമനില വാര്‍ത്ത bangaluru draw news north east draw news isl draw news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10221719-747-10221719-1610490732346.jpg)
തുടര്‍ന്ന് ആക്രമണം ബംഗളൂരു ശക്തമാക്കിയെങ്കിലും സമനിലക്കായി രണ്ടാം പകുതിവരെ കാത്തിരിക്കേണ്ടിവന്നു. ബോക്‌സിന് പുറത്ത് നിന്നും ലോങ് റേഞ്ചില്‍ പ്രതിരോധ താരം രാഹുല്‍ ഭേക്കെയാണ് ബംഗളൂരുവിന് വേണ്ടി സമനില പിടിച്ചത്. നോര്‍ത്ത് ഈസ്റ്റിന്‍റെ ഗോളി ഗുര്‍മീതിന്‍റെ മുന്നില്‍ കുത്തിയുയര്‍ന്നാണ് പന്ത് വലയിലെത്തിയത്.
നിലവില്‍ ബംഗളൂരു പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തും നോര്‍ത്ത് ഈസ്റ്റ് ഏഴാം സ്ഥാനത്തുമാണ്. ഇരു ടീമുകളും 11 വീതം മത്സരങ്ങളാണ് ലീഗില്‍ ഇതേവരെ കളിച്ചത്. തുടര്‍ പരാജയങ്ങള്‍ക്ക് ശേഷമുള്ള സമനില ബംഗളൂരുവിന് തെല്ല് ആശ്വാസം പകര്‍ന്നിട്ടുണ്ട്. തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ പരാജയം ഏറ്റുവാങ്ങിയ ശേഷമാണ് സുനില്‍ ഛേത്രിയുടെയും കൂട്ടരുടെയും സമനില. മറുഭാഗത്ത് നോര്‍ത്ത് ഈസ്റ്റും ഹാട്രിക് പരാജയമെന്ന നാണക്കേട് ഒഴിവാക്കിയതിന്‍റെ ആശ്വാസത്തിലാണ്.