പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സമനിലക്കളി തുടരുന്നു. രണ്ട് ദിവസങ്ങള്‍ക്കിടെ നടന്ന തുടര്‍ച്ചയായ മൂന്നാമത്തെ മത്സരവും സമനിലയില്‍ പിരിഞ്ഞു. ഫത്തോര്‍ഡ സ്റ്റേഡിയത്തില്‍ നടന്ന ഐഎസ്‌എല്‍ പോരാട്ടത്തില്‍ ഒഡീഷ എഫ്‌സിയും ബംഗളൂരു എഫ്‌സിയും ഓരോ ഗോള്‍ വീതം അടിച്ച് പിരിഞ്ഞു. ബംഗളൂരുവിനായി എറിക് പാര്‍ത്തലുവും ഒഡീഷക്കായി ഡിയേഗോ മൗറിഷ്യോയും ഗോളടിച്ചു.
ബംഗളൂരു, ഒഡീഷ ഐഎസ്‌എല്‍ പോരാട്ടം സമനിലയില്‍ - isl draw play news
ഫത്തോര്‍ഡ സ്റ്റേഡിയിത്തില്‍ നടന്ന ഐഎസ്‌എല്‍ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് പിരിഞ്ഞു

ആദ്യ പകുതിയുടെ എട്ടാം മിനിട്ടില്‍ മാന്വല്‍ ഓന്‍വുവിന്‍റെ അസിസ്റ്റിലൂടെയാണ് മൗറിഷ്യോ ഒഡീഷക്കായി ആദ്യ ഗോള്‍ സ്വന്തമാക്കിയത്. ഒഡീഷ ഗോളടിച്ച ശേഷം ഉണര്‍ന്നു കളിച്ച ബംഗളൂരുവിന് സമനില പിടിക്കാന്‍ രണ്ടാം പകുതിയുടെ അവസാനം വരെ കാത്തിരിക്കേണ്ടി വന്നു. നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ എട്ട് മിനിട്ട് മാത്രം ശേഷിക്കെയാണ് എറിക് പാര്‍ത്തലു ബംഗളൂരുവിനായി സമനില പിടിച്ചത്. ക്ലിറ്റണ്‍ സില്‍വയുടെ അസിസ്റ്റിലൂടെയാണ് പാര്‍ത്തലു പന്ത് വലയിലെത്തിച്ചത്.
കളിക്കളത്തില്‍ ഉടനീളം ബംഗളൂരുവിനായിരുന്നു മുന്‍തൂക്കം. 20 ഷോട്ടുകളും എട്ട് കോര്‍ണറും 333 പാസുകളും ആറ് ഗോള്‍ ഓണ്‍ ടാര്‍ജറ്റും ബംഗളൂരുവിന്‍റെ പേരിലുണ്ടായിരുന്നു. ഒഡീഷക്ക് ഒമ്പത് ഷോട്ടും 269 പാസും ഏഴ് കോര്‍ണറുമാണുണ്ടായിരുന്നത്. ഒഡീഷക്ക് നാല് യെല്ലോ കാര്‍ഡ് ലഭിച്ചപ്പോള്‍ ഒരു കാര്‍ഡ് പോലും ബംഗളൂരുവിന് എതിരെ റഫറിക്ക് പുറത്തിറക്കേണ്ടി വന്നില്ല. മത്സരം സമനിലയിലായതോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ബംഗളൂരു രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ഒമ്പതാമതായി. ഒഡീഷ എഫ്‌സി 11ാം സ്ഥാനത്ത് തുടരുകയാണ്.