പാരീസ്:ഫ്രാൻസിലെ വാർത്താ മാഗസിനായ ഫ്രാൻസ് ഫുട്‌ബോൾ നല്‍കുന്ന ഗോൾഡൻ ബോൾ പുരസ്‌കാരം (ബാലൺ ദ്യോർ) സൂപ്പർ താരം ലയണല്‍ മെസി ഏറ്റുവാങ്ങുമ്പോൾ ലോകത്തെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകർക്ക് ആവേശവും സന്തോഷവും. കഴിഞ്ഞ വർഷം കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ബാലൺ ദ്യോർ പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നില്ല.
കൊവിഡിന് ശേഷം മൈതാനങ്ങൾ വീണ്ടും തുറക്കുകയും ഫുട്‌ബോൾ ആവേശം ലോകം ഏറ്റുവാങ്ങുകയും ചെയ്യുമ്പോൾ ഒരു ബാലൺ ദ്യോർ കൂടി നേടി മെസി വീണ്ടും ഫുട്‌ബോൾ ലോകത്തിന്‍റെ മിശിഹയായി നിറഞ്ഞു നില്‍ക്കുകയാണ്. മറ്റൊരു ഫുട്‌ബോൾ താരത്തിനും അവകാശപ്പെടാനില്ലാതെ ഏഴ് തവണയാണ് മെസി എന്ന ഇതിഹാസം ബാലൺ ദ്യോർ പുരസ്കാരം സ്വന്തമാക്കിയത്.
ഏഴഴകില്‍ ബാലൺ ദ്യോർ ട്രോഫി ഏറ്റുവാങ്ങുമ്പോൾ മെസി മറക്കാതെ പോയൊരു പേരുണ്ട്. റോബർട്ട് ലെവാൻഡോസ്‌കി. പോളണ്ട് എന്ന കൊച്ചു രാജ്യത്ത് ഗോളടിക്കാനായി മാത്രം ജനിച്ച താരം. ബാലൺ ദ്യോർ കയ്യില്‍ പിടിച്ചു കൊണ്ട് മെസി പറഞ്ഞതിങ്ങനെയാണ് " പോയ വർഷത്തെ ഏറ്റവും മികച്ച താരം ലെവാൻഡോസ്‌കിയാണ്. അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. കൊവിഡ് മൂലം നല്‍കാതിരുന്ന 2020 ലെ ബാല്യൺ ദ്യോർ പുരസ്‌കാരം നല്‍കാൻ ഫ്രാൻസ് ഫുട്‌ബോൾ തയ്യാറാകണം.
ലെവാൻഡോസ്‌കി നിങ്ങൾ അത് അർഹിക്കുന്നു. ഈ വർഷവും ഗോളടിക്കുന്നതില്‍ നിങ്ങൾ കൂടുതല്‍ മികവ് കാണിക്കുന്നു. കടുത്ത മത്സരമാണ് ഞാൻ നിങ്ങളില്‍ നിന്ന് നേരിട്ടത്. ഈ വർഷം ടോപ് സ്‌കോറർ നിങ്ങൾ തന്നെയാണ്. അടുത്ത വർഷം കൂടുതല്‍ മികവിലേക്ക് നിങ്ങൾ ഉയരും."
ബാലൺ ദ്യോർ പുരസ്‌കാരത്തിനായുള്ള പോരാട്ടത്തില്‍ മെസിയേക്കാൾ 33 പോയിന്‍റ് പിന്നിലായിരുന്നു പോളണ്ടിന്‍റെ നായകൻ. ജർമൻ ലീഗില്‍ ബയേൺ മ്യൂണിക്കിന് വേണ്ടി ഗോളടിച്ച് കൂട്ടിയപ്പോഴും സ്വന്തം രാജ്യത്തിന് വേണ്ടി വലിയ ജയങ്ങളും കിരീടങ്ങളും നേടാനാകാതെ പോയത് ലെവാൻഡോസ്‌കിക്ക് തിരിച്ചടിയായിട്ടുണ്ടാകും.
ശരിയാണ് ലിയോ നിങ്ങൾ മൂന്ന് പതിറ്റാണ്ടിലും ബാലൺ ദ്യോർ നേടുന്ന ഒരേയൊരു താരമാണ്. ഒരു പക്ഷേ ഇനിയൊരാൾ അങ്ങനെ ഉണ്ടാകില്ലായിരിക്കാം. അപ്പോഴും 2021ലെ പുരസ്‌കാര വേദിയില്‍ ഒരു ചെറു പുഞ്ചിരിയുമായി മെസി ട്രോഫി ഏറ്റുവാങ്ങുന്നത് നോക്കി ലെവാൻ ഇരിക്കുന്നുണ്ടായിരുന്നു.
2021ലെ ഏറ്റവും മികച്ച സ്ട്രൈക്കർക്കുള്ള പുരസ്‌കാരം അതേ വേദിയില്‍ നിന്ന് വാങ്ങുമ്പോഴും ലെവാൻഡോസ്‌കി എന്ന പേരിനൊപ്പം ബാലൺ ദ്യോർ ചേർത്തെഴുതാൻ അയാൾ ഇനിയും ഗോളടിച്ചുകൊണ്ടേയിരിക്കും. ലെവാന് ഇപ്പോൾ 33 വയസായി. ബയേണിനും പോളണ്ടിനും വേണ്ടി ഗോളടിക്കാൻ വേണ്ടി മാത്രം മൈതാനത്തേക്ക് ഓടിയിറങ്ങുന്ന ലെവാൻഡോസ്‌കി തന്നെയാണ് പോയ വർഷത്തെയും ഈ വർഷത്തെയും സൂപ്പർ താരം. 2020ല്‍ നല്‍കിയിരുന്നെങ്കില്‍ ഉറപ്പായും ബാലൺ ദ്യോറില്‍ എഴുതി ചേർക്കേണ്ടിയിരുന്നത് ആ പേരായിരുന്നു. റോബർട്ട് ലെവാൻഡോസ്‌കി.
64 ഗോളും പത്ത് ഗോൾ അസിസ്റ്റുമായി ലെവാൻ 2021ല്‍ കളം നിറഞ്ഞപ്പോൾ 41 ഗോളും 17 അസിസ്റ്റുകളുമാണ് ലയണല്‍ മെസിയുടെ പേരിലുണ്ടായിരുന്നത്. മെസി കോപ്പ അമേരിക്കയും കോപ്പ ഡെല്‍ റേയും കിരീടങ്ങളായി നേടിയപ്പോൾ ബുണ്ടസ് ലീഗയും ക്ലബ് വേൾഡ് കപ്പും ഡിഎഫ്എല്‍ സൂപ്പർകപ്പുമാണ് ലെവാൻഡോസ്‌കിയുടെ പേരിലുണ്ടായത്.
കിരീടങ്ങളുടെ കണക്കിലാണെങ്കില്‍ യൂറോ കപ്പും ചാമ്പ്യൻസ് ലീഗും യുവേഫ സൂപ്പർ കപ്പും നേടിയ ഇറ്റാലിയൻ താരം ജോർജിന്യോയെക്കാൾ യോഗ്യനാരുണ്ട് എന്ന ചോദ്യം കൂടി അവശേഷിപ്പിച്ചാണ് ഇത്തവണ ബാലൺദ്യോർ പുരസ്‌കാര ചടങ്ങ് അവസാനിച്ചത്. ഇത്തവണ മെസിക്കും ലെവാൻഡോസ്‌കിക്കും പിന്നില്‍ മൂന്നാമതായി ജോർജിന്യോ ഉണ്ടായിരുന്നു എന്നതും മറ്റൊരു കൗതുകം.
കണക്കും കളിയും പിന്നെ കുറച്ചധികം ആരാധനയും
65 വർഷങ്ങൾക്ക് മുൻപ് ഫ്രാൻസ് ഫുട്‌്ബോൾ മാഗസിൻ നല്‍കിത്തുടങ്ങിയ ഗോൾഡൻ ബോൾ അഥവാ ബാലൺ ദ്യോർ പുരസ്‌കാരം ലോകത്തെ ഏറ്റവും വലിയ ഫുട്‌ബോൾ പുരസ്‌കാരമാണ്. 2010 മുതല്‍ 2015വരെ ഫിഫ ബാലൺദ്യോർ എന്ന പേരിലും പുരസ്‌കാരം നല്‍കിയിരുന്നു. 2016 മുതല്‍ ഫിഫ മികച്ച താരത്തിന് പ്രത്യേകം പുരസ്‌കാരം നല്‍കിയതോടെ വീണ്ടും ഫ്രാൻസ് ഫുട്‌ബോൾ മാഗസിൻ ബാലൺ ദ്യോർ നല്‍കിത്തുടങ്ങി.
ഓരോ വർഷത്തെയും മികച്ച പുരുഷ താരം, വനിത താരം, മികച്ച സ്ട്രൈക്കർ, മികച്ച യുവതാരം, മികച്ച ഗോൾ കീപ്പർ ഈ ഇനങ്ങളിലെല്ലാം പുരസ്‌കാരം നല്‍കുന്നുണ്ട്. മികച്ച താരത്തിനുള്ള ബാലൺ ദ്യോർ തന്നെയാണ് അതില്‍ ഏറ്റവും പ്രശസ്‌തിയാജ്ജിച്ചിട്ടുള്ളത്. ആല്‍ഫ്രെഡോ ഡി സ്റ്റെഫാനോ, ലെവ് യാഷിൻ, ജോർജി വിയ, യൂസേബിയോ, ജോർജ് ബെസ്റ്റ്, ലോതർ മത്തേവൂസ്, റോബർട്ടോ ബാജിയോ, യൊഹാൻ ക്രൈഫ്, മിഷേല്‍ പ്ലാറ്റിനി, മാർകോ വാൻ ബാസ്റ്റൻ, ബോബി ചാൾട്ടൻ, ഫ്രാൻസ് ബെക്കൻബോവർ, ഗെർഡ് മുള്ളർ, പൗളോ റോസി, സിനദിൻ സിദാൻ, റിവാൾഡോ, റൊണാൾഡോ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണല്‍ മെസി തുടങ്ങി ഓരോ കാലത്തെയും പ്രമുഖർ ഈ പുരസ്‌കാരം ഏറ്റുവാങ്ങിയിട്ടുണ്ട്.
ലഭിക്കാത്ത പ്രമുഖർ വേറെ. എല്ലാ വർഷവും ഫുട്‌ബോൾ പരിശീലകർ, ദേശീയ ടീമുകളുടെ നായകൻമാർ, തെരഞ്ഞെടുക്കപ്പെട്ട സ്‌പോർട്സ് മാധ്യമ പ്രവർത്തകർ എന്നിവർ ചേർന്ന് വോട്ടെടുപ്പിലൂടെയാണ് മികച്ച താരത്തെ കണ്ടെത്തുന്നത്. അതുകൊണ്ടു തന്നെ കണക്കുകളെക്കാൾ വ്യക്തികളുടെ താല്‍പര്യങ്ങളും ഇഷ്‌ടങ്ങളും ആരാധനയും ഒക്കെ ബാലൺദ്യോറിനുള്ള വോട്ടെടുപ്പില്‍ പ്രതിഫലിക്കാറുണ്ട് എന്നത് പരസ്യമായ കാര്യവുമാണ്.